Wednesday, January 26, 2022
HomeNewsKeralaകൊടകര കുഴല്‍പ്പണ കേസ്; സുരേന്ദ്രന് കുരുക്ക് മുറുകുന്നു

കൊടകര കുഴല്‍പ്പണ കേസ്; സുരേന്ദ്രന് കുരുക്ക് മുറുകുന്നു

കൊടകര കുഴല്‍പണ കേസില്‍ അന്വേഷണം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനിലേക്ക് നീളുന്നു. പ്രമുഖ നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വ്യാപകമായി ആക്ഷേപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉന്നത നേതാക്കളെ അടക്കം ചോദ്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സംശയ നിഴലിലായിരിക്കുകയാണ്.

കേസില്‍ നിരവധി ബിജെപി നേതാക്കളെ ഇതിനകം ചോദ്യം ചെയ്തിരുന്നു. കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് കുമാര്‍ പറഞ്ഞത് .. പണം ബിജെപിയുടേതല്ലെന്നും അനീഷ് അവകാശപ്പെട്ടു. ധര്‍മ്മരാജ് മുറിയെടുത്ത് നല്‍കിയെന്ന് സമ്മതിച്ച അനീഷ് പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്.

തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധര്‍മ്മരാജന്‍ എത്തിയതെന്നും ഈ സാധനങ്ങള്‍ പാര്‍ട്ടിയ്ക്ക് കൈമാറിയിരുന്നുവെന്നും അനീഷ് വ്യക്തമാക്കി. പ്രതി ദീപക്കിനോട് കവര്‍ച്ചയെ കുറിച്ച് ചോദിച്ചിരുന്നുവെവന്നും ബിജെപിക്കെതിരെ ആരോപണം വന്നപ്പോള്‍ കണ്ണൂരില്‍ പോയി സമാന്തര അന്വേഷണം നടത്തിയെന്നും പറഞ്ഞ അനീഷ് കവര്‍ച്ചാ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നാണ് ആരോപിച്ചത്. കൂടാതെ കൊടകരയിലെ കവര്‍ച്ചാ കേസില്‍ നഷ്ടമായ പണം കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായി കണ്ടെത്തല്‍. കേസ് അന്വേഷിക്കുന്ന സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്.

കോടികളുടെ കുഴല്‍പ്പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്മരാജിന്റെ മൊഴിയാണ് നേതാക്കളെ ഒന്നടങ്കം വെട്ടിലാക്കിയത്. തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന കെ സുരേന്ദ്രന് ഓര്ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ഈ മൊഴി. ധര്മരാജനെ ബിജെപി നേതാക്കള്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്.

കുഴല്‍പണ കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയെ നാല് മണിക്കൂര്‍ ആയിരുന്നു പോലീസ് ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കര്‍ത്തയെ ചോദ്യം ചെയ്തത്.

സുനില്‍ നായിക് നല്‍കിയ പണം ധര്‍മരാജന്‍ വഴി എത്തേണ്ടിയിരുന്നത് ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയിലേക്കായിരുന്നു കൂടുതല്‍ അറിയണമെങ്കില്‍ സംസ്ഥാന അധ്യക്ഷനോട് ചോദിക്കണം എന്നാണ് ചോദ്യം ചെയ്യലിന് ശേഷം കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. അന്ന് മുതലേ, കെ സുരേന്ദ്രന്റെ പേര് പൊതുമധ്യത്തില്‍ സംശയത്തിന്റെ നിഴലില്‍ ആണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കാരണം കുഴല്‍പ്പണം കടത്താന്‍ വേണ്ടിയാണെന്ന ആരോപണവും ശക്തമാകുകയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ ഐസക് വര്‍ഗീസ് പരാതി നല്‍കിയിട്ടുണ്ട്.

കോന്നിയില്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ മറ്റൊരു മണ്ഡലം കൂടി തിരഞ്ഞെടുത്തത് കള്ളപ്പണം കടത്താന്‍ വേണ്ടിയാണ് എന്നാണ് ആരോപണം. ഈ രണ്ട് മണ്ഡലങ്ങളിലേക്ക് അടിക്കടി സുരേന്ദ്രന്‍ യാത്ര ചെയ്തപ്പോള്‍ കള്ളപ്പണം കടത്തിയതായാണ് ആരോപണം. കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കള്ളപ്പണം വിതരണം ചെയ്യാന്‍ സുരേന്ദ്രന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നുവെന്ന ആരോപണത്തിന് ഇതോടെ ശക്തി വര്‍ധിക്കുകയാണ്.

400 കോടിയിലേറെ രൂപയാണ് കള്ളപ്പണമായി എത്തിയത്. ഇതില്‍ 150 കോടിയില്‍ താഴെ മാത്രമാണ് ചെലവിട്ടത് എന്നാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്. ബാക്കി നേതാക്കന്‍മാര്‍ വീതംവച്ചതായാണ് സംശയം. ബിജെപിയിലെ സാമ്പത്തിക തിരിമറിയെ കുറിച്ച് സൂചിപ്പിക്കുന്ന മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തവന്നിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ സുരേന്ദ്രന്റെ അക്കൗണ്ടില്‍ 100 കോടി രൂപ ബാലന്‍സ് ഉണ്ടെന്നാണ് ബിജെപി നേതാവ് കൂടിയായ സി ജയകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജയകൃഷ്ണന്‍ ഉന്നയിച്ചത് ഒരു ആരോപണം മാത്രമായി അവശേഷിക്കുമോ എന്ന് കണ്ടറിയണം. ചിലയിടങ്ങളിലെങ്കിലും വലിയ സംശയത്തിന് വഴിവയ്ക്കുന്നുണ്ട് ഈ ആരോപണം. എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് മൂന്ന് കോടി മുതല്‍ അഞ്ച് കോടി രൂപവരെയാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് നല്‍കുന്നത് എന്നാണ് ജയകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തിരഞ്ഞെടുപ്പിന് ഓരോ മണ്ഡലത്തിലും ചെലവഴിക്കുന്ന തുകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ നിയന്ത്രണം വച്ചിട്ടുണ്ട്. അപ്പോള്‍, ഇത്തരത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ബിജെപിയ്ക്ക് ഫണ്ട് വന്നിട്ടുണ്ടെങ്കില്‍ അത് കള്ളപ്പണം ആവില്ലേ എന്നാണ് സ്വാഭാവികമായും ഉയരുന്ന സംശയം.

കൊടകര സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് എളുപ്പത്തില്‍ കൈ കഴുകാന്‍ ആവില്ല. കര്‍ണാടകത്തില്‍ നിന്ന് പണം സ്വീകരിച്ച സുനില്‍ നായിക് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ ആണ്. ആ പണം ആലപ്പുഴയിലേക്ക് എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ആണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ ഉത്തരവാദിത്തം ധര്‍മരാജന് ആയിരുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ധര്‍മരാജന്റേയും സുനില്‍ നായിക്കിന്റേയും മൊഴികളില്‍ നിന്ന് കുഴല്‍ പണം എവിടെ നിന്ന് എത്തിയതാണെന്നും ആര്‍ക്ക് കൈമാറാനുള്ളതായിരുന്നു എന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. ബിജെപിയുടെ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത് അത് തന്നെയാണ്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നു ഇത് എന്ന് തന്നെയാണ് പോലീസിന്റെ വിലയിരുത്തല്‍. ഏപ്രില്‍ 3 ന് ആയിരുന്നു കൊടകരയില്‍ നിന്ന് പണം കവര്‍ച്ച ചെയ്യപ്പെട്ടത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്ബായിരുന്നു ഇത്. അങ്ങനെയെങ്കില്‍, അതിന് മുമ്ബ് എത്രത്തോളം പണം ഇത്തരത്തില്‍ കേരളത്തിലേക്ക് ബിജെപി ഒഴുക്കിയിട്ടുണ്ടാകും എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. പണം ഒഴുകിയെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആ പണം ലഭിച്ചിട്ടില്ല എന്ന പരാതിയാണ് പല കോണുകളില്‍ നിന്ന് ഉയരുന്നത്. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് എത്തിയ ഈ പണം, സംസ്ഥാനത്തെ ഉന്നത നേതാക്കള്‍ തന്നെ വീതിച്ചെടുത്തു എന്ന ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. ഇതുവരെ 1 .28 കോടി രൂപയാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്.

കേരളത്തിലേക്ക് വരുന്ന ഹവാല പണം മുഴുവന്‍ മുസ്ലിം സംഘടനകള്‍ക്കുള്ളതാണ് എന്ന ആരോപണമാണ് ഇതോട് കൂടി പൊളിയുന്നത്. മുമ്പ് പല തവണ കോടികളുടെ ഹവാല പണം കേരളത്തിലേക്ക് ഒഴുകിയതായി വാര്‍ത്തകള്‍ വന്നിരുന്നു. മുസ്ലിം സംഘടനകളെ ചുറ്റിപ്പറ്റി തുടങ്ങുന്ന അന്വേഷണം സംഘപരിവാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചില വ്യക്തികളിലേക്ക് നീങ്ങുന്നതോടെ അവസാനിക്കലായിരുന്നു പതിവ്. നിസാര ആരോപണങ്ങളില്‍ കേരളത്തില്‍ പല തവണ അന്വേഷണവും തിരച്ചിലും നടത്തിയിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടികളുടെ ഹവാല ആരോപണത്തില്‍ നിശ്ശബദ്ത പാലിക്കുന്നതും ദൂരൂഹത ഉയര്‍ത്തുകയാണ്.

Most Popular