Sunday, June 20, 2021
Home Ediotrs Pick കോവിഡ് നെഗറ്റീവായ 55കാരിയെ പോലിസ് 'കൊന്നു'; മൃതദേഹം സ്വീകരിക്കാനെത്തിയ ബന്ധുക്കള്‍ കണ്ടത് ചിരിച്ചുനില്‍ക്കുന്ന രോഗിയെ

കോവിഡ് നെഗറ്റീവായ 55കാരിയെ പോലിസ് ‘കൊന്നു’; മൃതദേഹം സ്വീകരിക്കാനെത്തിയ ബന്ധുക്കള്‍ കണ്ടത് ചിരിച്ചുനില്‍ക്കുന്ന രോഗിയെ

കടയ്ക്കല്‍: പോലിസിന്റെ ഗുരുതര വീഴ്ച്ച മൂലം ആശങ്കയിലായത് ഒരു നാട് മുഴുവന്‍. കോവിഡ് രോഗിയെ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ നല്‍കിയ അറിയിപ്പ് ശ്രദ്ധിക്കാതെ കൈകാര്യം ചെയ്തതാണ് പുലിവാലായത്.

നിലമേല്‍ കൈതക്കുഴി സ്വദേശിയായ 55 കാരിയാണ് കോവിഡ് ബാധിതായി കൊല്ലം ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നത്. ആശുപത്രി അധികൃതര്‍ എഴുതി നല്‍കിയത് ചികിത്സയിലായിരുന്ന കോവിഡ് രോഗി നെഗറ്റീവായെന്നായിരുന്നു. പക്ഷെ, പോലിസ് ബന്ധുക്കളെ അറിയിച്ചത് രോഗി മരിച്ചെന്നും. പഞ്ചായത്തില്‍ അറിയിച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാനെത്തിയവര്‍ രോഗമുക്തയുമായി മടങ്ങുകയായിരുന്നു.

രോഗമുക്തയായെങ്കിലും ഡിസ്ചാര്‍ജ് ചെയ്യാത്തിനെത്തുടര്‍ന്നാണ്, പോലിസ് സംവിധാനം വഴി ബന്ധുക്കളെ അറിയിക്കാന്‍ കൊല്ലം ഈസ്റ്റ് പോലിസില്‍ വിവരം അറിയിച്ചത്. സാധാരണ കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ചാണ് ഇത്തരത്തില്‍ സ്റ്റേഷന്‍ വഴി അറിയിക്കുക എന്ന മുന്‍ധാരണയില്‍ വിവരം ലഭിച്ച പോലിസുകാരന്‍, കത്ത് ശരിക്ക് വായിക്കാതെ രോഗി മരിച്ചെന്ന് ചടയമംഗലം പോലിസില്‍ അറിയിക്കുകയായിരുന്നു. പൊലീസാകെട്ട അക്കാര്യം ബന്ധുക്കളെയും അറിയിച്ചു.

ബന്ധുക്കളില്‍ നിന്ന് വിവരം അറിഞ്ഞ്, പള്ളിയില്‍ നിന്ന് മരണവിവരം ഉച്ചഭാഷിണി വഴി നാട്ടുകാരെ അറിയിച്ചെന്ന് മാത്രമല്ല, ഖബറടക്കത്തിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു.

ഇതിനിടെ ആശപ്രവര്‍ത്തക പഞ്ചായത്തില്‍ അറിയിച്ച് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. അധികം വൈകാതെ പഞ്ചായത്ത് മെമ്പറും ബന്ധുക്കളും പഞ്ചായത്ത് ആരോഗ്യ വിഭാഗവുമായി സംസാരിച്ച് നിലമേല്‍ മുസ്ലിം ജമാഅത്തില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തി. മൃതദേഹം ഏറ്റുവാങ്ങുന്നതിന് വീട്ടമ്മയുടെ ചെറുമകനെ ചുമതലപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി കത്തും കൈമാറി.

ആംബുലന്‍സുമായി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ, രോഗി കോവിഡ് മുക്തയാണോ അതോ പോസിറ്റീവാണോ എന്ന സംശയം ദുരീകരിക്കുന്നതിന്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വഴി ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോഴാണ് രോഗി മരിച്ചിട്ടില്ലെന്ന നിജസ്ഥിതി അറിയുന്നത്. ജില്ല ആശുപത്രിയിലെത്തി, പോലിസ് സ്റ്റേഷനിലേക്ക് ആശുപത്രിയില്‍നിന്ന് കൈമാറിയ കത്ത്, അധികൃതര്‍ ബന്ധുക്കളെ കാണിച്ചപ്പോഴാണ് 30-ാം തീയതി നെഗറ്റീവായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന വസ്തുത ബോധ്യപ്പെട്ടത്. പിന്നീട് വീട്ടമ്മയുമായി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങി.

രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ നല്‍കിയ മൂന്ന് നമ്പറുകളില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്നാണ് പോലിസിനെ അറിയിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Most Popular