Saturday, July 24, 2021
Home News Kerala വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് ക്രൂര മര്‍ദ്ദനം; വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമോ?

വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് ക്രൂര മര്‍ദ്ദനം; വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമോ?

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വാട്ട്‌സാപ്പ് സന്ദേശം സംഭവത്തിന് സ്ത്രീധന പീഢനമാണെന്ന ആരോപണത്തിന് ബലമേകുന്നു.

ഭര്‍ത്താവ് കിരണ്‍കുമാറില്‍നിന്ന് നിരന്തരം മര്‍ദനമേല്‍ക്കേണ്ടി വന്നെന്നാണ് വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ മര്‍ദനത്തെക്കുറിച്ചും അതിന് മുമ്പുണ്ടായ സംഭവങ്ങളെക്കുറിച്ചും ഈ സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. വിസ്മയ വാട്‌സാപ്പില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:-

”വണ്ടി കൊള്ളില്ല എന്ന് പറഞ്ഞു, എന്നെ തെറിവിളിച്ചു. അച്ഛനെയും ചീത്തവിളിച്ചു. അയാള്‍ക്ക് ആ വണ്ടി ഇഷ്ടമല്ല. ഞാന്‍ എത്ര നല്ല ലെവലില്‍ ആയിട്ട് എനിക്ക് കിട്ടിയത് ഈ കോപ്പ് വണ്ടി എന്നൊക്കെ പറഞ്ഞു. അച്ഛനെ കുറേ പച്ചത്തെറി വിളി. ലാസ്റ്റ് നിര്‍ത്താന്‍ പറഞ്ഞു ഞാന്‍. അപ്പോ അയാള്‍ നിര്‍ത്തില്ല. ഞാന്‍ കതക് തുറന്നു, അപ്പോള്‍ എന്റെ മുടിയില്‍ പിടിച്ചുവലിച്ചു. എന്നിട്ട് തെറിയും. ലാസ്റ്റ് ഞാന്‍ ഇറങ്ങി. ഞാന്‍ പറഞ്ഞു, എനിക്ക് പേടിയാ ഞാന്‍ വരുന്നില്ല.

അടിക്കും വീട്ടില്‍ വന്നാല്‍, അങ്ങനെ സാധാരണ ദേഷ്യം വന്നാല്‍ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. കുറേ അടിച്ചു. ഞാന്‍ ഒന്നും ആരോടും പറഞ്ഞില്ല. അടിച്ചു എന്നേ പറഞ്ഞുള്ളൂ”

തിങ്കളാഴ്ച രാവിലെയാണ് വിസ്മയയെ ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. മരണത്തിന് പിന്നാലെ കിരണ്‍കുമാര്‍ ഒളിവില്‍പോയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് കിരണ്‍കുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി അടുത്തിടെയാണ് വിസ്മയ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോയത്. എന്നാല്‍, ഇതിനു ശേഷവും ഭര്‍ത്താവില്‍നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനമേറ്റിരുന്നതായാണ് വാട്സാപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി ഉയര്‍ന്നതോടെ വനിത കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടിയതായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പ്രതികരിച്ചു.
ALSO WATCH

Most Popular