Friday, September 24, 2021
Home News Kerala കൊണ്ടോട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട; നിരവധി കേസുകളില്‍ പ്രതിയായ 'അറബി അസീസ്' പിടിയില്‍

കൊണ്ടോട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട; നിരവധി കേസുകളില്‍ പ്രതിയായ ‘അറബി അസീസ്’ പിടിയില്‍

കൊണ്ടോട്ടി: മലപ്പുറം ജില്ല കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്ന നിരവധി കേസുകളിലെ പ്രതിയെയും കൂട്ടാളിയെയും ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും കൊണ്ടോട്ടി പോലിസും ചേര്‍ന്ന് പിടികൂടി. അരീക്കോട് പൂവത്തിക്കല്‍ പൂളക്കച്ചാലില്‍ അബ്ദുല്‍ അസീസ് (അറബി അസീസ് -39), അരീക്കോട് ഒതായി പള്ളിപ്പുറത്ത് ഹനീഫ (45) എന്നിവരെയാണ് രണ്ടര കിലോ കഞ്ചാവുമായി കൊണ്ടോട്ടി ഒന്നാം മൈലില്‍ പിടികൂടിയത്. പ്രതികള്‍ കഞ്ചാവു കണ്ടെത്താന്‍ ഉപയോഗിച്ച കാറും കഞ്ചാവ് തൂക്കി വില്‍ക്കാന്‍ ഉപയോഗിച്ച ത്രാസും കണ്ടെടുത്തു.

പിടിയിലായ അസീസിന്റെ പേരില്‍ ജില്ലക്കകത്തും പുറത്തുമായി വിവിധ സ്റ്റേഷനുകളില്‍ കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കല്യാണ തട്ടിപ്പ് എന്നിവയും പത്തിലേറെ കഞ്ചാവ് കേസുകളും നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. തമിഴ്നാട് മധുരയില്‍ നിന്ന് 20 കിലോ കഞ്ചാവുമായി കഴിഞ്ഞ വര്‍ഷം അസീസിനെ പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം അസീസിനെയും കൂട്ടാളിയെയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇയാളുടെ കീഴില്‍ യുവാക്കളുടെ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങള്‍ക്ക് ബൈക്കില്‍ എസ്‌കോര്‍ട്ടും പൈലറ്റും കൊടുത്തിരുന്നത്. ഇവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Most Popular