കോട്ടയം: പായിപ്പാട് നിയന്ത്രണം ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു. ഇവിടെ ഭക്ഷണവും വെള്ളവുമില്ലെന്നും നാട്ടില്‍ പോകാന്‍ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പലര്‍ക്കും ഭക്ഷണം ലഭിച്ചില്ലെന്നാണ് പരാതി. നാട്ടിലുള്ളവരെയോര്‍ത്തും പലര്‍ക്കും ആശങ്കയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നാണ് ചിലരുടെ ആവശ്യം. ഡല്‍ഹിയില്‍ ഉള്‍പ്പെടെ എല്ലാ സ്ഥലത്തും തൊഴിലാളികള്‍ നാട്ടിലേക്ക് പോകുന്നുണ്ടെന്നും തങ്ങളെ മാത്രം എന്തിന് തടഞ്ഞുവെക്കുന്നുവെന്നുമാണ് ഇവരുടെ ചോദ്യം.
ആയിരത്തോളം പേരാണ് ലോക് ഡൌണ്‍ ലംഘിച്ച് റോഡിലിറങ്ങിയത്. രാവിലെ 11 മണിക്ക് തുടങ്ങിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പൊലിസിന് അവരെ പിരിച്ചുവിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോട്ടയം എസ്പിയും ജില്ലാ കലക്ടറും തൊഴിലാളികളോട് സംസാരിച്ചു. തിരികെ നാട്ടിലേക്കു പോകാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കാമെന്നും കലക്ടര്‍ വാഗ്ദാനം നല്‍കി.