കോഴിക്കോട്: കോഴിക്കോട് നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കോഴിക്കോട്ടെ മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ടത്.
ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. നിലവില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരരുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. എല്ലാവര്ക്കും ചെറിയ പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും വീടുകള്‍ കയറി സര്‍വേ നടത്തി. ഈ കാലഘട്ടത്തില്‍ അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള് എന്നിവ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സര്‍വേ. എന്നാല്‍, സംശയിക്കത്തക്ക ഒന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.
ഈ പ്രദേശങ്ങളില്‍ പനി പോലുള്ള ലക്ഷണങ്ങളുള്ള 89 പേരുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. അവര്‍ക്ക് നിപാ ബാധിച്ച കുട്ടിയുമായി ഒരു തരത്തിലും ലിങ്കില്ലെന്നും മന്ത്രി അറിയിച്ചു.