കോഴിക്കോടിന് ആശ്വാസം; നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

Veena George

കോഴിക്കോട്: കോഴിക്കോട് നിപാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കഴിഞ്ഞ ദിവസം അയച്ച സാംപിളുകളുടെ പരിശോധനാ ഫലം ഇന്ന് രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് പ്രഖ്യാപിച്ചത്.

കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ് ഈ എട്ടുപേര്‍. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ ലാബില്‍ പരിശോധനക്കയച്ച അഞ്ചുപേരുടെ കൂടി ഫലം ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.

നിലവില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗത്തിന്റെ ഉറവിടം തേടിയുളള പരിശോധനകള്‍ക്കായി ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും.

അതേസമയം നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ വി ആര്‍ ഡി ലാബില്‍ തയ്യാറായി. പൂനെ, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സാങ്കേതിക സഹായങ്ങള്‍ കൊണ്ടാണ് കോഴിക്കോട്ട് ലാബ് സജ്ജീകരിച്ചത്. നിപയുടെ പ്രാഥമിക പരിശോധനകള്‍ ഇനിമുതല്‍ ഇവിടെ നടത്താനാകും. അന്തിമ സ്ഥിരീകരണത്തിന് മാത്രമേ ഇനി സാംപിള്‍ പൂനെയിലേക്ക് അയക്കേണ്ടതുളളൂ.

കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഉയര്‍ന്ന സാധ്യതയുള്ള 54 പേരാണുള്ളത്.
ALSO WATCH