Thursday, January 20, 2022
HomeNewsKeralaരണ്ടു കോടി വരെ വായ്പ്പ; പ്രവാസി ഭദ്രതാ പദ്ധതിക്ക് വന്‍ പ്രതികരണം

രണ്ടു കോടി വരെ വായ്പ്പ; പ്രവാസി ഭദ്രതാ പദ്ധതിക്ക് വന്‍ പ്രതികരണം

കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) പ്രവാസി ഭദ്രതാ പദ്ധതിക്ക് മികച്ച പ്രതികരണം. നാട്ടില്‍ തിരിച്ചെത്തി ബിസിനസ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രണ്ടുകോടി രൂപവരെ വായ്പാസഹായം നല്‍കുന്ന പദ്ധതിയാണിത്. പദ്ധതി അവതരിപ്പിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും നിരവധി അന്വേഷണങ്ങളുണ്ടായെന്നും മികച്ച അഞ്ച് അപേക്ഷകള്‍ ലഭിച്ചുവെന്നും കെഎസ്‌ഐഡിസി വ്യക്തമാക്കി.

നിരവധി പേര്‍ക്ക് തൊഴിലുറപ്പാക്കുന്ന മികച്ച സംരംഭക ആശയങ്ങള്‍ക്കാണ് വായ്പ. നാലുദിവസത്തിനകം വായ്പ നേടാം. 25 ലക്ഷം മുതല്‍ രണ്ടുകോടി രൂപവരെ ലഭിക്കും. കോവിഡ് പ്രതിസന്ധിമൂലം നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെ തൊഴിലന്വേഷകരല്ല, തൊഴില്‍ദാതാക്കളാക്കുക ലക്ഷ്യമിടുന്നതാണ് പദ്ധതി.

പലിശനിരക്ക് 8.25 ശതമാനം മുതല്‍

പ്രവാസി ഭദ്രതാ പദ്ധതിപ്രകാരമുള്ള വായ്പയ്ക്ക് 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെയാണ് പലിശനിരക്ക്. 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ സബ്‌സിഡി നോര്‍ക്ക റൂട്ട്സ് നല്‍കും.

– പലിശനിരക്ക്: ആദ്യ നാലുവര്‍ഷത്തേക്ക് 5 ശതമാനം; നോര്‍ക്ക റൂട്ട്സിന്റെ പലിശ സബ്‌സിഡി കിഴിച്ചുള്ള നിരക്കാണിത്. തുടര്‍ന്ന് 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ.

– കാലാവധി: വായ്പാത്തിരിച്ചടവ് കാലാവധി അഞ്ചരവര്‍ഷം. മുതല്‍തിരിച്ചടവിന് ആറുമാസം വരെ മൊറട്ടോറിയം; ഇക്കാലയളവിലും പലിശയടയ്ക്കണം.

– യോഗ്യത: രണ്ടുവര്‍ഷത്തെ വിദേശ തൊഴില്‍പരിചയം. പ്രമോട്ടര്‍മാര്‍ക്ക് 650നുമേല്‍ സിബില്‍ സ്‌കോര്‍ വേണം.

– വായ്പ നല്‍കുന്നത്: മൂലധന വായ്പയല്ല. കെട്ടിടനിര്‍മ്മാണം, യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ക്കാണ് വായ്പ. വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയ്ക്ക് വായ്പ കിട്ടില്ല.

– ആനുകൂല്യം: വായ്പയുടെ പ്രൊസസിംഗ് ചാര്‍ജായ ഒരുലക്ഷം രൂപയും ജി.എസ്.ടിയും ഒഴിവാക്കും. 0.75 ശതമാനം മുന്‍കൂര്‍ ഫീസില്‍ 0.25 ശതമാനം അടച്ചാല്‍മതി.

– www.ksidc.orgല്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് വായ്പയ്ക്കായി ഡിസംബര്‍ 31നകം അപേക്ഷിക്കണം.

 

Most Popular