News Flash
X
ബീവിയും മക്കള്‍ ഒന്നിച്ച് പെരുന്നാള് കൂടുവാന്‍ കൊതി; കോവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ സ്വദേശി അവസാനം പാടിയ പാട്ട് വൈറലാവുന്നു(വീഡിയോ കാണാം)

ബീവിയും മക്കള്‍ ഒന്നിച്ച് പെരുന്നാള് കൂടുവാന്‍ കൊതി; കോവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ സ്വദേശി അവസാനം പാടിയ പാട്ട് വൈറലാവുന്നു(വീഡിയോ കാണാം)

personmtp rafeek access_timeFriday June 5, 2020
HIGHLIGHTS
മോഹങ്ങളെല്ലാം ഉള്ളിലൊളിപ്പിച്ച് ഉറ്റവര്‍ക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ പോലുമാവാതെ ജലാലുദ്ദീന്‍ യാത്രയായി.

ദോഹ: മോഹങ്ങളെല്ലാം ഉള്ളിലൊളിപ്പിച്ച് ഉറ്റവര്‍ക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ പോലുമാവാതെ ജലാലുദ്ദീന്‍ യാത്രയായി. കഴിഞ്ഞ പെരുന്നാളിന് ജലാലുദ്ദീന്‍ പാടിയ പാട്ട് തന്റെ അവസാന ആഗ്രഹങ്ങളായിരുന്നുവോ? കുവൈത്തില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ച ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീന്‍ പോക്കാക്കില്ലത്ത് (46 വയസ്സ്) പാടിയ അവസാനത്തെ പാട്ടിലെ വരികള്‍ ആരുടെയും കണ്ണ് നനയിക്കും.

ഭാര്യ ജസീറയും മക്കള്‍ ജസീമും ജസീറും ജാഫറും ഉപ്പാന്റെ ആഗ്രഹ സാഫല്യത്തിനായി കാത്തിരിക്കേയാണ് യര്‍മൂഖില്‍ സ്വദേശി വീട്ടില്‍ പാചകക്കാരനായിരുന്ന ജലാലുദ്ദീന്‍ യാത്രയായത്. ആ പാട്ടിലെ വരികള്‍ ഇങ്ങിനെയാണ്.

 

ഒരു വട്ടം കൂടി നാട്ടില്
ഒന്ന് പറന്നെത്താന്‍ കൊതി
ബീവിയും മക്കള്‍ ഒന്നിച്ച്
പെരുന്നാള് കൂടുവാന്‍ കൊതി

ലങ്കും ശവ്വാല്‍ പൊന്നമ്പിളി
നീലവാനില് തെളിയുമ്പോള്‍
കൂട്ടുകുടുംബമൊന്നിച്ച്
തക്ബീര്‍ ചൊല്ലുവാന്‍ കൊതി

ശംസ് കിഴക്കുദിക്കുമ്പോള്‍
പുത്തന്‍ ലിബാസുമിട്ടിടാം
ഓമനമക്കളുമൊന്നിച്ച്
പള്ളിയില്‍ പോകുവാന്‍ കൊതി

പുഞ്ചിരിക്കും മുഖവുമായി
പൂമങ്കയായി വിളങ്ങിടൂ
നെയ്‌ച്ചോറ് തിന്ന് റാഹത്തില്‍
ഒന്നുറങ്ങാന്‍ പെരുംകൊതി

കുഞ്ഞിപ്പോമൊന്റെ പൂതിപോല്‍
ദൂരെ ഉമ്മാന്റെ വീട്ടില്
ഒന്ന് വിരുന്ന് പോകുവാന്‍
ഏറുന്നു ഖല്‍ബകം കൊതി

പുത്തന്‍ ലിബാസ്(പുതുവസ്ത്രം) ഇട്ട് പള്ളിയില്‍ പോകുവാന്‍ കൊതിച്ച ജലാലുദ്ദീന്‍ മൂന്ന് പുത്തന്‍ തുണിയില്‍ പൊതിഞ്ഞ് ആരോരുമില്ലാത്ത പള്ളിക്കാട്ടിലേക്ക് യാത്രയായി. പുമങ്കയില്ലാതെ ഖബറിന്റെ ഏകാന്തതയില്‍ ജലാലുദ്ദീന്‍ ഇന്ന് ശാന്തമായുറങ്ങുന്നുണ്ടാവും. സ്വപ്‌നങ്ങള്‍ പലതും ഖബറടക്കപ്പെടുന്ന പ്രവാസ ലോകത്ത് മറ്റൊരു കണ്ണീര്‍ക്കഥയാവുകയാണ് ജലാലുദ്ദീന്റെ പാട്ടും അനുഭവവും.

SHARE :
folder_openTags
content_copyCategory