Saturday, June 12, 2021
Home News Kerala ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി

കണ്ണൂര്‍: കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. പൊലീസ് കൊലയാളികളെ പിടികൂടുന്നില്ലെന്നും പറഞ്ഞു. അതേസമയം 10 ലീഗ് പ്രവര്‍ത്തകരെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത് തല്ലിച്ചതച്ചുവെന്നും എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും ലോക്കപ്പിലിട്ടുവെന്നും വ്യക്തമാക്കി.

ഉമ്മയുടെയും ഉപ്പയുടെയും മുന്നിലിട്ടാണ് 21 വയസ്സുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയത്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അല്ലാതെ ഒരു പ്രതിയെ പോലും പൊലീസ് പിടികൂടിയില്ല. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 10 ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ലീഗ് പ്രവര്‍ത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് യുഡിഎഫിന്റെ പരാതി. ഇന്ന് മുതല്‍ ജില്ലാ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Most Popular