Tuesday, May 18, 2021
Home Ediotrs Pick ഹെലികോപ്ടര്‍ നേരെ താഴേക്കു പതിക്കുകയായിരുന്നു; എം എ യൂസുഫലി അപകടത്തില്‍പ്പെട്ടതിനെക്കുറിച്ച് ദൃക്‌സാക്ഷി(വീഡിയോ)

ഹെലികോപ്ടര്‍ നേരെ താഴേക്കു പതിക്കുകയായിരുന്നു; എം എ യൂസുഫലി അപകടത്തില്‍പ്പെട്ടതിനെക്കുറിച്ച് ദൃക്‌സാക്ഷി(വീഡിയോ)

കൊച്ചി: എം എ യൂസുഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് അല്‍ഭുതകരമായെന്ന് ദൃക്‌സാക്ഷി. ഹെലികോപ്ടര്‍ നേരെ വന്ന് ചതുപ്പുനിലത്തിലേക്കു പതിക്കുകയായിരുന്നുവെന്ന് സംഭവത്തിന് സാക്ഷിയായ രാജേഷ് പറഞ്ഞു.

‘മഴയായതിനാല്‍ വെള്ളം നീക്കാന്‍ ഭാര്യയും കൊച്ചും ഞാനും വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഹെലികോപ്ടറിന്റെ ശബ്ദം കേട്ടു. നേരെ വന്ന് താഴേക്ക് ഒറ്റ വീഴ്ചയായിരുന്നു….’ – രാജേഷ് പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ ഇന്ന് രാവിലെ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇടിച്ചറിക്കുകയായിരുന്നു.

ജനവാസ കേന്ദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍ തകരാര്‍ സംഭവിച്ചതോടെ എറണാകുളം പനങ്ങാട് ബൈപ്പാസിന് സമീപത്തെ ചതുപ്പിലേക്കാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ഈ സ്ഥലത്തിന് തൊട്ടടുത്താണ് രാജേഷിന്റെ വീട്.

‘ആദ്യം സംഭവം എന്താണെന്ന് മനസ്സിലായില്ല. ഹെലികോപ്ടര്‍ നേരെ താഴോട്ട് വീഴുകയായിരുന്നു. ആ സമയം മഴയും ചെറിയ കാറ്റും ഉണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് ഓടി അപ്പുറത്തേക്ക് ചെന്നു. ഹെലികോപ്ടര്‍ ഓഫായ ശേഷം അടുത്തേക്ക് പോയി.’

‘ആദ്യം ഹെലികോപ്ടറില്‍നിന്നും ആരും ഇറങ്ങിയില്ല. എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമെന്ന് കരുതി. അപ്പോള്‍ പൈലറ്റ് ഇറങ്ങി വന്ന് ഡോര്‍ തുറന്നു. ഞാന്‍ പുറത്തേക്കിറങ്ങാന്‍ ഉള്ളിലുള്ളവരോട് പറഞ്ഞെങ്കിലും ആദ്യം ഇറങ്ങിയില്ല. സമീപത്ത് താമസിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഇറങ്ങി. ഭാര്യ കസേരയെടുത്ത് വന്നു. നടുവേദനയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം നിന്നു. ചേച്ചിയെ വിളിച്ചു കൊണ്ടുവന്ന് ഇവിടെ ഇരുത്തി. മഴയായതിനാല്‍ സമീപത്ത് വണ്ടിയൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭാര്യ പൊലീസിലാണ്. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ച് പറയുകയായിരുന്നു.’ -രാജേഷ് പറഞ്ഞു.

അതേ സമയം, അപകടത്തില്‍ എല്ലാവരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ അറിയിച്ചു.

കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്ടര്‍ അടിയന്തിരമായി നിലത്തിറക്കാന്‍ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പരിചയസമ്പന്നനായ പൈലറ്റ് ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു.

യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ വീട്ടില്‍ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാര്‍ അറിയിച്ചു.

Most Popular