‘ജപ്തിയുണ്ടാകില്ല പോരേ…’: യൂസുഫലിയുടെ ഉറപ്പില്‍ കണ്ണുനിറഞ്ഞ് ആമിന

MA yusuf ali

കൊച്ചി: അഞ്ച് ലക്ഷം രൂപ കടത്തില്‍ ബാങ്ക് വീട് ജപ്തി ചെയ്യാന്‍ പോവുന്ന സങ്കമടമറിയിച്ച ആമിനയ്ക്ക് ഉടനടി ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി. ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ തന്നെ രക്ഷിച്ചവര്‍ക്ക് നേരിട്ടെത്തി നന്ദി പറയാന്‍ വന്ന സമയത്താണ് യൂസുഫലിയുടെ സമീപം ആമിന സങ്കടവുമായെത്തിയത്. അപകടം നടന്ന സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കി മടങ്ങുമ്പോഴായിരുന്നു കാഞ്ഞിരമറ്റം സ്വദേശി ആമിനയുടെ വരവ്.

യൂസഫലി കാറിലേക്ക് കയറാന്‍ പോകുമ്പോഴായിരുന്നു ആമിന തുണ്ടു കടലാസില്‍ തന്റെ ആവലാതി കുറിച്ച് എത്തിയത്. കയ്യിലുണ്ടായിരുന്ന കടലാസ് വാങ്ങിയ ശേഷം ‘ഞാന്‍ നോക്കാട്ടാ…എന്റെ ആളുവരുംട്ടാ…’ എന്ന് യൂസഫലി ആമിനയോട് പറഞ്ഞു. ഉറപ്പ് വരാതെ തുടര്‍ന്നും ആവലാതി പറഞ്ഞ ആമിനയോട് വേണ്ടത് ചെയ്യുമെന്നും ഏത് ബാങ്കാണ് ജപ്തി ചെയ്യാന്‍ പോകുന്നതെന്നും യൂസഫലി ചോദിച്ചു. മറുപടി പറഞ്ഞ ആമിനയോട് യൂസഫലി എത്ര രൂപയാണെന്ന് ചോദിച്ചു. അഞ്ചു ലക്ഷമെന്ന് മറുപടിയും വന്നു. ‘ജപ്തിചെയ്യൂല്ലട്ടോ, ഞാന്‍ വേണ്ടത് ചെയ്യാം ട്ടാ’ യൂസഫലി ഉറപ്പുകൊടുത്തു.

ആമിന നല്‍കിയ കടലാസ് കൈമാറി യൂസഫലി തന്റെ സഹായികളോട് പറഞ്ഞു: ‘ഈ ബാങ്കില്‍ പോവുക, അന്വേഷിക്കുക. ജപ്തി പാടില്ല. കാശുകൊടുക്കുക ഡോക്യുമെന്റ് എടുത്ത് ഇവരുടെ കയ്യില്‍കൊടുത്ത് എന്നെ അറിയിക്കുക’. അവസാനം കാറില്‍ കയറിയപ്പോഴും യൂസഫലി ആമിനയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘ഞാന്‍ പറഞ്ഞിട്ടുണ്ട്ട്ടാ’. കാറില്‍ കയറി ഇരുന്ന ശേഷം ഇക്കാര്യം നാളെ തന്നെ ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് യൂസഫലി ആവശ്യപ്പെടുകയും ചെയ്തു.