Sunday, July 25, 2021
Home News Kerala ദിവ്യാല്‍ഭുതം കാണിക്കാമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളില്‍ നിന്ന സ്വര്‍ണം തട്ടി; പുറത്തു പറഞ്ഞാല്‍ തല പൊട്ടിത്തെറിക്കുമെന്ന് ഭീഷണി,...

ദിവ്യാല്‍ഭുതം കാണിക്കാമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളില്‍ നിന്ന സ്വര്‍ണം തട്ടി; പുറത്തു പറഞ്ഞാല്‍ തല പൊട്ടിത്തെറിക്കുമെന്ന് ഭീഷണി, കൊണ്ടോട്ടി സ്വദേശിയായ മദ്‌റസാ അധ്യാപകന്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: ദിവ്യാത്ഭുതങ്ങള്‍ നടക്കുമെന്നും ദൈവത്തെ കാണിക്കാമെന്നും വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളെ ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ മദ്‌റസാ അധ്യാപകന്‍ പിടിയില്‍. ഉളിക്കല്‍ നുച്ചിയാട്ടെ മദ്‌റസ അധ്യാപകന്‍ അബ്ദുല്‍ കരീമിനെയാണ് (43) പോലിസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ കരീമിനെ കര്‍ണാടക ബട്കലിലെ പള്ളിയില്‍നിന്നാണ് പിടികൂടിയത്.

പുളിക്കല്‍ എസ് ഐ കെ.വി. നിശിത്തിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം മോഷ്ടിച്ചതിന് നാല് കേസെടുത്തതിന് പുറമെ മദറ്‌സാ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോളിത്തട്ടില്‍ താമസക്കാരനായ അബ്ദുല്‍ കരീം നിരവധി വീടുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് ഉളിക്കല്‍ പോലിസ് പറഞ്ഞു. നുച്ചിയാട്ടെ തെക്കേവീട്ടില്‍ മുഹമ്മദ് ഷഫീഖിന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷണം പോയ പരാതിയില്‍ പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്. വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ മോഷണ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. തുടര്‍ന്നാണ് പോലിസ് വീട്ടിലെ മദ്‌റസാ വിദ്യാര്‍ഥിയോട് കാര്യങ്ങള്‍ തിരക്കിയത്. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

വീട്ടുകാരറിയാതെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നാല്‍ ദൈവത്തെ കാണിച്ചുതരുമെന്നും ദിവ്യാത്ഭുതം നടക്കുമെന്നും പുറത്തു പറഞ്ഞാല്‍ തല പൊട്ടിത്തെറിക്കുമെന്നും അധ്യാപകന്‍ പറഞ്ഞതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് വിദ്യാര്‍ഥി പോലിസിന് മൊഴി നല്‍കിയത്.

കേസെടുത്തതറിഞ്ഞതോടെ, പരാതിക്കാരുമായി ബന്ധപ്പെട്ട് ദിവ്യശക്തിയിലൂടെ കാണാതായ സ്വര്‍ണം തിരിച്ചെത്തിക്കുമെന്നു പറഞ്ഞ് പറ്റക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. സംഭവം പുറത്തായതോടെയാണ് പ്രദേശവാസിയായ പള്ളിപ്പാത്ത് മൊയ്തുവടക്കം മൂന്നുപേര്‍ കൂടി പരാതി നല്‍കിയത്.

Most Popular