മലപ്പുറം: ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് വലിയ ഇടപെടലുകള്‍ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എംപി അബ്ദുസ്സമദ് സമദാനി. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കൊണ്ട് പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും സമദാനി ചാനലിനോട് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്. സഭയിലെ വിവിധ വിഷയങ്ങളില്‍ ഓരോ ഘട്ടത്തിലും ഇടപെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രണ്ട് തവണ രാജ്യസഭാ എംപിയായി പ്രവര്‍ത്തിച്ചിരുന്ന സമദാനി വ്യക്തമാക്കി. അതേ സമയം, ഇന്ത്യ വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് നമ്മുടെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള വലിയൊരു പ്രയത്നം അനിവാര്യമായിട്ടുണ്ട്. രാജ്യം സാമ്പത്തികമായി വലിയ തകര്‍ച്ച നേരിടുന്നുണ്ട്. രാജ്യത്ത് ഒരു ക്രമം സൃഷ്ടിക്കുന്നതിന് വലിയ പോരാട്ടം നടക്കുന്നുണ്ടെന്നും അതിന്റെ രംഗവേദിയാണ് പാര്‍ലമെന്റെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ രാജി വെല്ലുവിളി സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ സമദാനിക്കായില്ല. ഫാഷിസത്തിനെതിരേ പോരാടാനാണ് താന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതെന്ന് പ്രഖ്യാപിച്ചു മലപ്പുറത്ത് നിന്ന് ജയിച്ചു കയറിയ കുഞ്ഞാലിക്കുട്ടി പാതിവഴിയില്‍ രാജിവച്ച് കേരള രാഷ്ട്രീയത്തിലേക്ക് വന്നത് ലീഗണികളില്‍ തന്നെ എതിര്‍പ്പിനിടയാക്കിയിരുന്നു.
മണ്ഡലത്തില്‍ മൂന്ന് മുന്നണികളും എസ്ഡിപിഐയും ദേശീയ നേതാക്കളെയാണ് മല്‍സരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. ദേശീയ സെക്രട്ടറി ഡോ. തസ്ലിം അഹമ്മദ് റഹ്മാനിയാണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥി. ദേശീയി വൈസ് പ്രസിഡന്റായ എപി അബ്ദുല്ലക്കുട്ടിയാണ് ബിജെപിക്ക് വേണ്ടി രംഗത്തുള്ളത്.
2019ല്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി 5,89,873 വോട്ടാണ് നേടിയത്. എതിരാളിയായിരുന്ന വി പി സാനുവിന് 3,29,720 വോട്ടു ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി വി ഉണ്ണികൃഷ്ണന് 82,332 വോട്ടാണ് ലഭിച്ചത്. 2,60,253 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.
ALSO WATCH