മലപ്പുറം: സംസ്ഥാനത്ത് ഓണ്‍ലൈനില്‍ പഠനം ആരംഭിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. വളാഞ്ചേരിയില്‍ ദേവിക എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയത്. നോട്ട്ബുക്കില്‍ ഞാന്‍ പോകുന്നു എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ഓണ്‍ലൈന്‍ പഠന രീതി പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിച്ചതിന് പിന്നാലെ ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരത്തോളം കുട്ടികള്‍ സംസ്ഥാനത്ത് ഉണ്ടെന്ന റിപ്പോര്‍ട്ട് രണ്ടാഴ്ച മുമ്പ് വന്നിട്ടും ക്ലാസ് തുടങ്ങുന്നത് വരെ ഇവരുടെ പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. പഠനത്തിനാവശ്യമായ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാറിനുണ്ടായ വീഴ്ചയാണ് ദേവികയെന്ന പത്താം ക്ലാസുകാരിയുടെ ആത്മഹത്യയെന്ന ആരോപണവും ഇതോടെ ശക്തമായി.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
പണം ഇല്ലാത്തതിനാല്‍ കേടായ ടി വി നന്നാക്കാന്‍ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
പഠനം ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ ഉയര്‍ന്ന പ്രധാന ആശങ്ക ടിവിയും കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുമില്ലാത്ത കുട്ടികള്‍ എന്ത് ചെയ്യുമെന്നതായിരുന്നു. ഇത്തരം കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കാന്‍ സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ ടിവിയിലൂടെയും ലാപ് ടോപ്പ് വഴിയും ക്ലാസ് ഉറപ്പാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ ഉറപ്പ് നല്‍കിയത്. പക്ഷെ പലയിടത്തും ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങും മുമ്പ് അതുണ്ടായില്ല. ടിവിയില്ലാത്തവര്‍ക്ക് കെഎസ്എഫ്ഇ സഹായത്തോടെ ടിവി വാങ്ങി അയല്‍പക്ക പഠനകേന്ദ്രത്തിന് നല്‍കാന്‍ തീരുമാനമായതും ക്ലാസ് തുടങ്ങിയ ഇന്നലെ മാത്രമാണ്.
Malappuram student commits suicide allegedly over missing online class