Sunday, September 19, 2021
Home Entertainment മലര്‍ കൊടിയേ ഞാനെന്നും... ചെക്കന്‍ സിനിമയിലെ രണ്ടാമത്തെ പാട്ടും സൂപ്പര്‍ ഹിറ്റ്

മലര്‍ കൊടിയേ ഞാനെന്നും… ചെക്കന്‍ സിനിമയിലെ രണ്ടാമത്തെ പാട്ടും സൂപ്പര്‍ ഹിറ്റ്

മലയാള സിനിമകളിലൂടെ പഴയകാല മാപ്പിളപ്പാട്ടുകള്‍ ന്യൂജന്‍ ഏറ്റുപാടുന്ന ട്രെന്‍ഡ് ആവര്‍ത്തിക്കുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ച് ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന ‘ചെക്കന്‍’ എന്ന സിനിമയിലെ ഗാനമാണ് ഇപ്പോള്‍ തരംഗമാവുന്നത്. അനുഗ്രഹീത ഗായകന്‍ പീര്‍മുഹമ്മദ് ഒരുകാലത്ത് കല്യാണവേദികളിലും സ്റ്റേജുകളിലും നിറഞ്ഞ കൈയടി നേടിയ ‘മലര്‍ കൊടിയേ ഞാന്‍ എന്നും പുഴയരികില്‍ പോയെന്നും.. ‘എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്‌ക്കാരമാണ് പുറത്തിറങ്ങിയത്.

നടി അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷെയര്‍ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരില്‍ എത്തിച്ചത്. വ്യത്യസ്ത പ്രമേയം കൊണ്ട് ഇതിനിടെ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട ചെക്കന്‍ സിനിമയിലെ രണ്ടാമത്തെ ഗാനമാണ് ഇത്. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട് പാട്ടായിരുന്നു.

ഒ വി അബ്ദുള്ളയുടെ വരികള്‍ക്ക് പുതിയ ശബ്ദം നല്‍കി സിനിമയില്‍ ആലപിച്ചിരിക്കുന്നത് നാടന്‍ പാട്ടുകളിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ പെരുമ്പടപ്പാണ്. ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കിയത് സിബു സുകുമാരന്‍.

അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തില്‍ നായകന്‍ ചെക്കനായി വേഷമിടുന്നത് വിഷ്ണു പുരുഷനാണ്. നായികയായി ആതിരയും, ഷിഫാനയും എത്തുന്നു. നഞ്ചിയമ്മ, വിനോദ് കോവൂര്‍, അബു സലിം, തസ്നി ഖാന്‍, അലി അരങ്ങാടത്ത് തുടങ്ങിയ താരങ്ങള്‍ക്കു പുറമേ ഒട്ടേറെ നാടക, ടിക് ടോക് താരങ്ങളും ഒപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.

പൂര്‍ണ്ണമായും വയനാട്ടില്‍ വെച്ച് ചിത്രീകരിച്ച സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തിയേറ്റര്‍ റിലീസിന് സാധ്യമായില്ലെങ്കില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

‘ചെക്കന്‍’ കഥയും, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത് മ്യൂസിക് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ്.

Most Popular