Monday, June 21, 2021
Home Ediotrs Pick യുവതിയെ 10 വര്‍ഷം ഒളിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലിസ്; അത്യാവശ്യ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നത് പ്രത്യേക പെട്ടിയില്‍

യുവതിയെ 10 വര്‍ഷം ഒളിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലിസ്; അത്യാവശ്യ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നത് പ്രത്യേക പെട്ടിയില്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറ അയിലൂരില്‍ യുവാവ് കാമുകിയെ 10 വര്‍ഷം സ്വന്തം വീട്ടില്‍ വീട്ടുകാര്‍ പോലുമറിയാതെ ഒളിപ്പിച്ച സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പോലിസ്. പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് ഭയന്നാണ് ഇത് ചെയ്തത്. ഇരുവരും പറഞ്ഞ കാര്യങ്ങളെല്ലാം പോലിസ് സംഘം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ഇവര്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനാവുന്ന കാര്യങ്ങളാണെന്നും നെന്മാറ എസ്എച്ച്ഒ ദീപുകുമാര്‍ പറഞ്ഞു.

അയിലൂരിലെ റഹ്‌മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടില്‍ പത്ത് വര്‍ഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 10 വര്‍ഷം മുമ്പ് കാണാതായ സജിത റഹ്‌മാനോടൊപ്പമുണ്ടെന്ന് വ്യക്തമായത്. തങ്ങള്‍ പ്രണയത്തിലാണെന്നും പത്ത് വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്‌മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പോലിസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇരുവരുടെയും മൊഴികളും സാഹചര്യത്തെളിവുകളും വിശ്വസനീയമാണെന്ന് ദീപകുമാര്‍ പറഞ്ഞു.

ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും അറിയുമായിരുന്നില്ല. അതിനാല്‍തന്നെ യുവതിയെ കാണാതായ സംഭവത്തില്‍ റഹ്‌മാനെ ആരും സംശയിച്ചതുമില്ല. നാലു ജോഡി വസ്ത്രങ്ങളുമായാണ് അന്ന് യുവതി വീടു വിട്ടിറങ്ങിയത്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാണെന്ന് അന്നേ വീട്ടുകാര്‍ സംശയിച്ചിരുന്നു. മൊബൈല്‍ ഫോണൊന്നും ഉപയോഗിക്കാതിരുന്നതും അന്നത്തെ അന്വേഷണത്തില്‍ വെല്ലുവിളിയായി.
palakkad missing women sajitha and rahman1

‘പത്ത് വര്‍ഷം വീട്ടിലെ ചെറിയ മുറിയിലാണ് യുവാവ് യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീട്ടുകാരെ ആരെയും മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഭക്ഷണമെല്ലാം മുറിയില്‍ കൊണ്ടുപോയാണ് കഴിച്ചത്. മകന് മാനസികപ്രശ്‌നമുണ്ടെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയത് യുവാവിന് സഹായകമായി. ഇത് മറയാക്കിയായിരുന്നു പിന്നീടുള്ള പെരുമാറ്റം.

‘യുവാവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും അവരുടെ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ആ കുട്ടി ഒരിക്കല്‍പോലും യുവാവിന്റെ മുറി കണ്ടിട്ടില്ല. മുറിയില്‍നിന്ന് രഹസ്യമായി പുറത്തു പോകാന്‍ ജനല്‍ പോലെ ഒരു വിടവ് ഉണ്ടാക്കിയിരുന്നു. അടിയന്തരഘട്ടങ്ങളില്‍ യുവതിയ്ക്ക് കയറിയിരിക്കാന്‍ പാകത്തില്‍ ഒരു പ്രത്യേക പെട്ടിയും ഉണ്ടായിരുന്നു. വീടുപണി നടക്കുന്ന സമയത്തെല്ലാം ഈ പെട്ടിയിലാണ് യുവതി കഴിഞ്ഞിരുന്നത്.

‘പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഉള്ളിലെ ലോക്ക് താനെ അടയുന്ന സാങ്കേതികവിദ്യയും യുവാവ് ഒരുക്കിയിരുന്നു. ടിവി ഉച്ചത്തില്‍വെച്ചാണ് ഇരുവരും പരസ്പരം സംസാരിച്ചിരുന്നത്. വലിയ അസുഖങ്ങളൊന്നും ഇക്കാലയളവില്‍ വന്നില്ലെന്നാണ് പറഞ്ഞത്. ചെറിയ ചില മരുന്നുകളെല്ലാം വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു”- എസ്.എച്ച്.ഒ. വിശദീകരിച്ചു.

ഒളിച്ച് താമസിച്ച റഹ്‌മാന്റെ വീട്ടില്‍ നിന്ന് മൂന്ന് മാസം മുമ്പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് നട്ടുച്ചയ്ക്കാണ് യുവതി പുറത്തിറങ്ങിയത്. അന്ന് മാസ്‌ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറി ഇപ്പോള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കോ നാട്ടുകാര്‍ക്കോ അവരെ തിരിച്ചറിയാനായില്ല. 10 വര്‍ഷം മുമ്പുള്ള യുവതിയുടെ ഫോട്ടോയില്‍നിന്ന് ഇപ്പോള്‍ അവര്‍ക്ക് ഏറെ വ്യത്യാസം വന്നിട്ടുണ്ട്. നാട്ടുകാരുടെ മനസില്‍നിന്ന് യുവതിയുടെ മുഖംതന്നെ മാഞ്ഞു പോയിരുന്നു. ഇതും ഇവര്‍ക്ക് സഹായകരമായെന്നും എസ്.എച്ച്.ഒ. പറഞ്ഞു.

അതേസമയം, മുറിയുടെ വാതിലില്‍ ഷോക്ക് അടിപ്പിക്കുന്ന സംവിധാനമൊരുക്കി എന്നത് റഹ്‌മാന്‍ നിഷേധിച്ചു. ചെറിയ ബാറ്ററിയില്‍ ലോക്ക് ചെയ്യുന്ന ടെക്‌നിക്കാണ് ഉപയോഗിച്ചത്. അതില്‍ നിന്ന് ഷോക്ക് ഉണ്ടാവില്ല. രാത്രികാലങ്ങളില്‍ മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് വീടിന്റെ മുന്‍വാതിലിലൂടെ തന്നെ സജിത പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റും പുറത്തേക്ക് പോയിരുന്നു. ലൈറ്റ് ഇടാതെയാണ് ഈ കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. സഹോദരന്റെ എതിര്‍പ്പ് ഭയന്നാണ് ഒളിച്ച് കഴിഞ്ഞതെന്നും റഹ്‌മാന്‍ പറഞ്ഞു.
ALSO WATCH

Most Popular