ചെങ്ങന്നൂര്‍: താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്ന് മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ്. തന്നെ ഏല്‍പ്പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും ബിന്ദു പറഞ്ഞു. ദുബയില്‍, ഹനീഫ എന്നയാളാണ് നാട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞ് ബാഗ് കൈമാറിയത്. ഇതു സ്വര്‍ണമാണെന്ന് അറിഞ്ഞത് പിന്നീടാണ്.
ഇത്രയേറേ സ്വര്‍ണവുമായി എത്തിയാല്‍ പ്രശ്‌നമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. നാട്ടില്‍ ബാഗ് വാങ്ങാന്‍ വന്നയാള്‍ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നതായും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു വെളിപ്പെടുത്തി.
തന്നെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിന്റെ മര്‍ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റിട്ടുണ്ട്. ദുബയില്‍ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ബിനോയിയുടെ ടാക്‌സി വാഹനം ഓട്ടം വിളിച്ചുള്ള പരിചയമാണ് പൊന്നാനി സ്വദേശി ഹനീഫയുമായിട്ടുള്ളത്. ജോലി അന്വേഷിക്കാനായുള്ള വിസിറ്റിങ് വിസ അയച്ചു തന്നു. തിരികെ മടങ്ങുവാനായി വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് ഹനീഫ പൊതി ഏല്‍പ്പിച്ചത്. ഇവിടെ എത്തിയപ്പോള്‍ അത് വാങ്ങുവാനായി വിമാനത്താവളത്തില്‍ ആളുകള്‍ വന്നിരുന്നു. തന്റെ കയ്യില്‍ സ്വര്‍ണ്ണമില്ലെന്ന പറഞ്ഞെങ്കിലും വിശ്വസിക്കുവാന്‍ തയ്യാറാകാതെ സഞ്ചരിച്ച വാഹനത്തെ സംഘം പിന്തുടര്‍ന്നു. ഇതിനാല്‍ വഴികള്‍ മാറിയാണ് വീട്ടില്‍ എത്തിയത്.
നെല്ലിയാമ്പതിയില്‍ എത്തിയ ശേഷം മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് വടക്കാഞ്ചേരിയില്‍ ഉപേക്ഷിച്ചത്. തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയായി ചിത്രീകരിക്കുന്നതില്‍ സത്യത്തിന്റെ അംശമേയില്ല. തന്റെ ബാങ്ക് ബാലന്‍സ് വെറും 345 രൂപ മാത്രമാണെന്നും ഇവര്‍ പറഞ്ഞു. അഞ്ചംഗ കസ്റ്റംസ് പ്രിവന്റിവ് ഓഫിസര്‍മാര്‍ ഇന്ന് ഉച്ചക്ക് രണ്ടിന് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് വീട്ടിലുമെത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിന്ദുവിനെ ഒരു സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.