കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. സി.പി.എം പ്രവര്‍ത്തകനും മുണ്ടത്തോട് സ്വദേശിയുമായ പ്രശോഭ് ആണ് പിടിയിലായത്. കൊലപാതക ദിവസം ഭീതി പടര്‍ത്തുവാനായി ഉപയോഗിച്ച ബോംബ് പ്രശോഭ് നിര്‍മ്മിച്ച് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രശോഭിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പെരിങ്ങത്തൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂര്‍ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മന്‍സൂറിനെ വലിച്ചിഴച്ച് വെട്ടുകയായിരുന്നു. മന്‍സൂറിന്റെ മാതാവിനും സഹോദരന്‍ മുഹ്‌സിനും (27) അയല്‍പക്കത്തുള്ള സ്ത്രീക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
കേസില്‍ പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ ഷിനോസിനെ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കേസിലെ രണ്ടാം പ്രതിയും പുല്ലൂക്കര സ്വദേശിയുമായ രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്റെ വീട്ടിലെ വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. വീടിന് പിന്നിലെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കിനുമാണ് തീയിട്ടത്. വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. കണ്ണൂര്‍ മുക്കില്‍പ്പീടികയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡ്ഡില്‍ തീ പടരുന്നത് കണ്ട് വീട്ടുകാര്‍ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. വാഹനങ്ങള്‍ അഗ്‌നിക്ക് ഇരയാക്കിയത് ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.
ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നും വീട്ടിലുള്ളവരെ കൊലപ്പെടുത്താന്‍ ലക്ഷ്യം വച്ചാണ് തീയിട്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു. കേസില്‍ പ്രതിയായ ജാബിര്‍ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്റെ പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍. ജാബിറിനെ ഇപ്പോഴും പിടികൂടാത്തതില്‍ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അര്‍ദ്ധരാത്രി ആക്രമണമുണ്ടാകുന്നത്.
ജാബിറിനെക്കൂടാതെ പ്രതികളായ സിപിഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരും ഇപ്പോഴും ഒളിവിലാണ്.