മലപ്പുറം: പ്രമുഖ മാപ്പിളപ്പാട്ടു(Mappilappattu) ഗായകന്‍ വിഎം കുട്ടി (86)(VM Kutty) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. കല്യാണ പന്തലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ടു ഗായകനും കവിയുമായിരുന്നു വിഎം കുട്ടി. പൊതുവേദിയില്‍ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്.
1972ല്‍ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍കോട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയതും വിഎം കുട്ടിയാണ്.
7 സിനിമകളില്‍ പാടിയിട്ടുണ്ട്. ഉല്‍പ്പത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനികളില്‍ അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. ‘മാര്‍ക് ആന്റണി’ എന്ന സിനിമയ്ക്കായി വി.എം കുട്ടി പാട്ടെഴുതിയിട്ടുണ്ട്.
1935 ഏപ്രില്‍ 16നായിരുന്നു ജനനം. മലപ്പുറം ജില്ലയിലെ പുളിക്കലാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്സിനും ശേഷം 1985 വരെ അധ്യാപനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.
ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് 20ാം വയസില്‍ കലാജീവിതം തുടങ്ങി. 1965 മുതല്‍ ഗള്‍ഫ് നാടുകളിലെ വേദികളില്‍ വിഎം കുട്ടിയുടെ ഗാനവിരുന്നുകള്‍ ധാരാളമായി അരങ്ങേറിയിരുന്നു. 1987ല്‍ കവറത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചും വിഎം കുട്ടി ശ്രദ്ധ നേടി.
ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയ വിഎം കുട്ടി മികച്ച ഗാനരചയിതാവ് കൂടിയാണ്. 1921 അടക്കം നിരവധി സിനിമകളിലും അദ്ദേഹം ഗാനങ്ങള്‍ എഴുതി. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തി ഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികള്‍.
സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സിഎച്ച് കള്‍ച്ചറല്‍ സെന്‍ട്രല്‍ അവാര്‍ഡ്, ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്റര്‍ ഒരുമ അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും വിഎം കുട്ടിക്ക് കിട്ടിയിട്ടുണ്ട്. കേരള സാഹിത്യ നാടക അക്കാദമി അംഗമായി പ്രവര്‍ത്തിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കള്‍ച്ചറല്‍ സൊസൈറ്റി രക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.