Tuesday, May 11, 2021
Home News Kerala എംബിബിഎസ് ഫീസ് മൂന്നിരട്ടിയാക്കി വിജ്ഞാപനം; സംസ്ഥാനത്തെ നിരവധി വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാവും

എംബിബിഎസ് ഫീസ് മൂന്നിരട്ടിയാക്കി വിജ്ഞാപനം; സംസ്ഥാനത്തെ നിരവധി വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാവും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കനത്ത ആഘാതമായി പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനം. ദിവസങ്ങള്‍ക്കു മുന്‍പ് രാജേന്ദ്ര ബാബു കമ്മിറ്റി പ്രഖ്യാപിച്ച ഫീസിന്റെ മൂന്നിരട്ടിയാണു ഹൈക്കോടതി നിര്‍ദേശപ്രകാരം കമ്മിഷണര്‍ വിജ്ഞാപനം ചെയ്തത്.

19 കോളജുകള്‍ക്ക് 6.22-7.65 ലക്ഷം രൂപയാണ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ചിരുന്നത്. മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത് 11-22 ലക്ഷവും. മാനേജുമെന്റുകള്‍ ആവശ്യപ്പെട്ട ഫീസ് വിദ്യാര്‍ഥികളെ അറിയിക്കണമെന്ന കോടതി നിര്‍ദേശപ്രകാരമാണ് വിജ്ഞാപനം ഇറക്കിയത്. കോടതിയുടെ അന്തിമവിധി അനുസരിച്ചായിരിക്കും ഫീസ്.

കേസ് കോടതി എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനു മുന്‍പ് പ്രവേശന നടപടികള്‍ ആരംഭിക്കുകയാണെങ്കില്‍ ഇത്രയും ഫീസ് നല്‍കി പഠിക്കേണ്ടി വരുമെന്ന ധാരണയില്‍ പ്രവേശനം നേടേണ്ടിവരും. സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. കേസില്‍ സര്‍ക്കാര്‍ കക്ഷി ചേര്‍ന്നിട്ടില്ല. കോടതിവിധി എതിരായാല്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നതടക്കം പരിഗണിക്കുമോ എന്ന കാര്യത്തിലും ഈ ഘട്ടത്തില്‍ വ്യക്തതയില്ല.

ഓപ്ഷന്‍ റജിസ്‌ട്രേഷന്‍ രണ്ടു ദിവസം മുന്‍പ് അവസാനിച്ചിരുന്നു. അപ്പോള്‍ 6 ലക്ഷമായിരുന്നു ശരാശരി ഫീസ്. പിന്നീടാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന ഫീസ് അടിസ്ഥാനമാക്കി വിജ്ഞാപനം ഇറങ്ങിയത്. വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റാനോ ക്യാന്‍സല്‍ ചെയ്യാനോ വെബ്‌സൈറ്റ് തുറക്കണം. എന്ന് അലോര്‍ട്ട്‌മെന്റ് വേണം എന്നുള്ളതും തീരുമാനിക്കണം. ഇക്കാര്യങ്ങളില്‍ ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോടതി വിധി അനുസരിച്ച് ഫീസ് വര്‍ധനയുണ്ടായാല്‍ ആ തുക അടയ്ക്കാന്‍ വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന മെഡിക്കല്‍ അലോട്‌മെന്റ് പുതിയ സാഹചര്യത്തില്‍ മാറ്റിവച്ചു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. ഫീസ് വര്‍ധിച്ചാല്‍ പല വിദ്യാര്‍ഥികള്‍ക്കും പഴയ ഓപ്ഷന്‍ അനുസരിച്ചു പഠിക്കാന്‍ സാധിക്കില്ല. അവര്‍ക്കു വീണ്ടും ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കുമോയെന്നും അറിയിച്ചിട്ടില്ല.

മറ്റ് 9 കോളജുകള്‍ ആവശ്യപ്പെടുന്ന ഫീസ് ലഭ്യമായിട്ടില്ലെങ്കിലും കോടതിയുടെ വ്യവസ്ഥകള്‍ അവിടെയും ബാധകമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.

Most Popular