Saturday, June 19, 2021
Home News Kerala എം സി ഖമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു; നിക്ഷേപകരുടെ 13 കോടി തട്ടി; പൂക്കോയ തങ്ങളെയും...

എം സി ഖമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു; നിക്ഷേപകരുടെ 13 കോടി തട്ടി; പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.

ഖമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് എഎസ്പി വിവേക് കുമാര്‍ അറിയിച്ചു. നിക്ഷേപകരുടെ 13 കോടി രൂപ തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി. 77 കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് അറിയിച്ചു.

കാസര്‍കോട് എസ്പി ഓഫിസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫാഷന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും അറസ്റ്റ്് ചെയ്‌തേക്കുമെന്ന് സൂചന. പൂക്കോയ തങ്ങളെ എസ്പി ഓഫിസിലേക്കു വിളിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍.

തൃക്കരിപ്പൂര്‍ ചന്തേര പോലിസ് സ്റ്റേഷന്‍, പയ്യന്നൂര്‍ പോലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 100 ലധികം പരാതികളാണ് എംഎല്‍എയ്‌ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.

ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് മുസ്ലിം ലീഗ് നേതാവായ ഖമറുദ്ദീന്‍. തുടക്കത്തില്‍ മുസ്ലിം ലീഗ് ഖമറുദ്ദീന് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടതോടെ കൈയൊഴിയുകയായിരുന്നു. ഏറ്റവുമൊടുവില്‍ ആറ് മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കണമെന്നായിരുന്നു ലീഗ് നിലപാട്.

തദ്ദേശ തിരഞ്ഞെടുപ്പ് അരികെ എത്തി നില്‍ക്കെയുള്ള അറസ്റ്റ് യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കും. ബിനീഷ് കോടിയേരിക്കും പ്രമുഖ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരായ അന്വേഷണം യുഡിഎഫ് വലിയ ആയുധമാക്കി മുന്നേറവേയാണ് ഖമറുദ്ദീനെതിരായ നടപടി എന്നതും ശ്രദ്ധേയമാണ്.


 

Most Popular