Monday, November 29, 2021
HomeNewsKeralaഎം സി ഖമറുദ്ദീന് മുഴുവന്‍ കേസുകളിലും ജാമ്യം; നാളെ മോചിതനായേക്കും

എം സി ഖമറുദ്ദീന് മുഴുവന്‍ കേസുകളിലും ജാമ്യം; നാളെ മോചിതനായേക്കും

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുസ്ലിം ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന് ആറു കേസുകളില്‍ കൂടി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡിലായ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെ ഖമറുദ്ദീന്റെ മോചനത്തിന് വഴി തെളിഞ്ഞു. ആകെ 148 കേസുകളിലാണ് ഖമറുദ്ദീനെ റിമാന്‍ഡ് ചെയ്തിരുന്നത്.

ബുധനാഴ്ച വൈകീട്ടാണ് ജാമ്യം അനുവദിച്ചതെന്നതിനാല്‍ ജാമ്യക്കാരെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയം കിട്ടിയിട്ടില്ലെന്നും വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് കോടതിയിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും ഖമറുദ്ദീന്റെ അഭിഭാഷകന്‍ പി കെ ചന്ദ്രശഖരന്‍ പറഞ്ഞു. കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 13 കേസുകളില്‍ ബോണ്ട് ഹാജരാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബാക്കിയുണ്ട്. അതും വ്യാഴാഴ്ച രാവിലെ പൂര്‍ത്തിയാക്കും.

രണ്ടു കോടതികളിലെയും നടപടി ക്രമങ്ങള്‍ വ്യാഴാഴ്ച രാവിലെ പൂര്‍ത്തിയായാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഖമറുദ്ദീന്‍ വ്യാഴാഴ്ച വൈകീട്ടോടെ പുറത്തിറങ്ങും. ജാമ്യോപാധി നിലവിലുള്ളതിനാല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയാലും തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോകാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ മണ്ഡലമായ മഞ്ചേശ്വരത്തേക്കു പോകുന്നതില്‍ തടസമില്ല. എന്നാല്‍, കേസുകളുള്ള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ മലയോര പാത വഴി സഞ്ചരിക്കേണ്ടി വരും.

155 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെച്ച് വിവിധ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്താത്ത ഏഴു കേസുകള്‍ കൂടിയുണ്ട്. അതിനാല്‍ ഖമറുദ്ദീന്‍ പുറത്തിറങ്ങിയാലും അറസ്റ്റുവാറണ്ട് ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Most Popular