Monday, September 26, 2022
HomeEdiotrs Pick10 വര്‍ഷം പെണ്‍കുട്ടിയെ സ്വന്തം മുറിയില്‍ വീട്ടുകാരറിയാതെ ഒളിപ്പിച്ചു; ബഷീറിന്റെയും സജിതയുടെയും പ്രണയം സിനിമാ കഥകളെ...

10 വര്‍ഷം പെണ്‍കുട്ടിയെ സ്വന്തം മുറിയില്‍ വീട്ടുകാരറിയാതെ ഒളിപ്പിച്ചു; ബഷീറിന്റെയും സജിതയുടെയും പ്രണയം സിനിമാ കഥകളെ വെല്ലുന്നത്

പാലക്കാട്: കാണാതായ പതിനെട്ടുകാരിയെ 10 വര്‍ഷത്തിനു ശേഷം കണ്ടെത്തിയപ്പോള്‍ നാട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ ഇത്രകാലം പുറത്തിറങ്ങാതെ അവള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. വീട്ടുകാരറിയാതെ ഒരു പെണ്‍കുട്ടിയെ 10 വര്‍ഷം സ്വന്തം മുറിയില്‍ താമസിപ്പിച്ച യുവാവിന്റെ കഥ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം.

പാലക്കാട് അയിലൂര്‍ കാരക്കാട്ടുപറമ്പിലെ ആ കുടുംബത്തില്‍ സംഭവിച്ചത് സിനിമാക്കഥകളെ പോലും വെല്ലുന്ന കാര്യങ്ങളാണ്.

2010ലാണ് സജിതയെന്ന യുവതിയെ കാണാതായത്. ബന്ധുവീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ പെണ്‍കുട്ടിയെ പിന്നെയാരും കണ്ടിട്ടില്ല. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെന്മാറ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും കണ്ടെത്താനായില്ല. സംശയാസ്പദമായ സാഹചര്യങ്ങളൊന്നും അന്നുണ്ടായില്ല. ബന്ധുക്കള്‍ പോലും പെണ്‍കുട്ടിയെ മറുന്നുതുടങ്ങിയതിനിടെയാണ് ഇന്നലെ കഥയില്‍ വഴിത്തിരിവ് സംഭവിക്കുന്നത്.

3 മാസം മുന്‍പ് കാണാതായ റഹിമാന്‍ എന്ന യുവാവിനെ സഹോദരന്‍ ബഷീര്‍ ഇന്നലെ നെന്മാറയില്‍വച്ച് കണ്ടു. ടിപ്പര്‍ ലോറി വേഗത്തില്‍ ഓടിച്ച് കടന്നു കളയാന്‍ റഹിമാന്‍ ശ്രമിച്ചെങ്കിലും പോലിസ് സഹായത്തോടെ പിടികൂടി. കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വിത്തനശേരിയില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം വാടയ്ക്കു താമസിക്കുകയാണെന്ന് അറിയിച്ചത്.

പിന്നീടാണ് ആര്‍ക്കും വിശ്വസിക്കാനാവാത്ത ആ 10 വര്‍ഷങ്ങളെക്കുറിച്ച് റഹിമാന്‍ പറഞ്ഞത്. അന്നു കാണാതായ സജിതയെ താലി കെട്ടി റഹിമാന്‍ അന്നു രാത്രി സ്വന്തം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചു. ഒളിജീവിതത്തിനായി പിന്നെ റഹിമാന്‍ നടത്തിയതെല്ലാം ആരെയും അമ്പരപ്പിക്കുന്ന കാര്യങ്ങള്‍. ഇലക്ട്രിക് കാര്യങ്ങളില്‍ അഗ്രഗണ്യനായ റഹിമാന്‍ മുറിയ്ക്കകത്തും പുറത്തും പുതിയ ചില സംവിധാനമൊരുക്കി. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പല്‍ ഘടിപ്പിച്ചു. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു. മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി.

വാതിലിന്റെ ഓടാമ്പല്‍ ലോക്ക് ചെയ്യാന്‍ യുവാവ് സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യ

മുറിയ്ക്ക് പുറത്തേക്കിട്ട വയറുകള്‍ തൊട്ടാല്‍ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു കുടുംബാംഗങ്ങള്‍ക്ക് ഷോക്കടിച്ച സംഭവവുമുണ്ടായി. ജനല്‍ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. ഭക്ഷണം പ്ലേറ്റില്‍ വിളമ്പി മുറിയില്‍ കൊണ്ടുചെന്ന് സജിതയ്‌ക്കൊപ്പമിരുന്ന് കഴിക്കും. കുടുംബത്തോടൊപ്പം കഴിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു മറുപടി. ജഗ്ഗില്‍ ചായ എടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നല്‍കി. അത് റഹിമാന്‍ തരംപോലെ മുതലാക്കുകയും ചെയ്തു.

വീടിനു പുറത്തിറങ്ങുമ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയിടും. മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ ജനല്‍ വഴി യുവതിയെ പുറത്തിറക്കി.

10 വര്‍ഷം വീട്ടില്‍ നിന്ന് വെറും നുറു മീറ്റര്‍ അപ്പുറത്തുള്ള വീട്ടില്‍ മകള്‍ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ സജിതയുടെ മാതാപിതാക്കള്‍ക്കും ഞെട്ടല്‍ മാറുന്നില്ല. ആ ചെറിയ വീട്ടില്‍ ആരുമറിയാതെ എങ്ങിനെ അവര്‍ 10 വര്‍ഷം തള്ളിനീക്കി എന്നതില്‍ നാട്ടുകാര്‍ക്കും അല്‍ഭുതം.

ഒരുമിച്ചു താമസമാണെന്നും പരാതിയില്ലെന്നും പറഞ്ഞതോടെ കാണാതായെന്ന കേസുകള്‍ അവസാനിപ്പിക്കാന്‍ ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും ഇരുവരും വിത്തനശേരിയിലെ വീട്ടിലേക്കു മടങ്ങി.

സൗഹൃദം പ്രണയമാകുന്നു, വീട് വിട്ടിറങ്ങി യുവതി
പാലക്കാട് അയിലൂര്‍ കാരക്കാട്ടുപറമ്പിലാണ് പ്രണയകഥയിലെ നായകനും നായികയും. സജിതയും റഹ്‌മാനുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. യുവാവിന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിമാരെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്‌മാനോടൊപ്പം കഴിയുന്നതിനായി 18 വയസ്സുകാരിയായ യുവതി വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്ന യുവാവിനോടൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ അയാള്‍ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ചെറുമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്തു.

പിതാവും മാതാവും സഹോദരിയും ഉള്‍പ്പെടെ കഴിയുന്ന വീട്ടില്‍ അടുക്കളയുള്‍പ്പെടെ മൂന്നു മുറിയും ഇടനാഴിയും മാത്രമുള്ളത്. ഈ കൊച്ചുവീട്ടിലാണ് ആരുമറിയാതെ റഹ്‌മാന്‍ പ്രണയിനിയെ 10 വര്‍ഷവും സംരക്ഷിച്ചത്.

ശബ്ദം കേള്‍ക്കാതിരിക്കാന്‍ ടിവി
പണിയ്ക്ക് പോകുന്ന സമയത്ത് പുറത്തുനിന്ന് മുറി പൂട്ടും. പണിയ്ക്ക് പോയി വന്നാല്‍ മുറിയിലെ ടിവി ഉച്ചത്തില്‍വെയ്ക്കും. ഈ സമയത്താണ് ഇവരുടെ സംസാരമൊക്കെയും.

പകല്‍സമയത്ത് ഒറ്റയ്ക്ക് മുറിയില്‍ കഴിയുന്ന യുവതിയ്ക്ക് ടിവിയുടെ ശബ്ദം കേള്‍ക്കുന്നതിനായി ഇയര്‍ഫോണും സജ്ജമാക്കി നല്‍കിയിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിനായി മുറിയിലെ ജനലഴികള്‍ അഴിച്ചു മാറ്റി പുറത്ത് കടക്കാന്‍ സൗകര്യമുണ്ടായിരുന്നു. അതുവഴിയാണ് പുറത്തുള്ള ശുചിമുറിയിലേക്ക് പോകാറുള്ളത്.

ഈ മുറിയിലിരുന്നാല്‍ വീട്ടില്‍ വരുന്നവരെയും പോകുന്നവരെയും വാതില്‍പാളിയിലൂടെ കാണാന്‍ കഴിയും. ഇങ്ങനെ ആളില്ലാത്ത സമയത്താണ് ജനല്‍ വഴി പുറത്തിറങ്ങി ശുചിമുറിയില്‍ പോകുകയും തുണി അലക്കുകയും ചെയ്യുന്നതെന്നാണ് സജിത പറയുന്നത്. ഓടിട്ട വീടായതിനാല്‍ വീട്ടില്‍ സംസാരിക്കുന്ന എല്ലാ വിവരങ്ങളും സജിത അറിയുകയും ചെയ്തിരുന്നു.

മാനസികസമ്മര്‍ദ്ദം, മന്ത്രവാദ ചികിത്സ
യുവതി വീട്ടിലുള്ള വിവരം പുറത്തറിയുമോയെന്ന പേടി റഹിമാനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പണിയ്ക്ക് പോയി വീട്ടിലെത്തിയാലും വീട്ടുകാരുമായി കൂടുതലും സംസാരിക്കാതെ മുറിയ്ക്കകത്ത് ഇരിക്കുന്നത് പതിവായതോടെ വീട്ടുകാര്‍ യുവാവിന് പ്രേതബാധയുണ്ടായതായി പറഞ്ഞ് മന്ത്രവാദ ചികിത്സ ആരംഭിച്ചു. രണ്ടിടങ്ങളില്‍ നിര്‍ബന്ധിച്ച് കൂട്ടികൊണ്ടുപോവുകയും അവിടെ നിന്ന് പച്ചമരുന്ന് കഴിച്ച് ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവാവിന് പേടി കൂടിയതോടെയാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ ഇരുവരും തീരുമാനിച്ചത്.
ALSO WATCH

 

 

Most Popular