ആദൂര്‍ (കാസര്‍കോട്): കര്‍ണാടകയില്‍നിന്ന് ഫാമിലേക്ക് വളര്‍ത്താന്‍ പശുക്കളെ കൊണ്ടുവന്ന പിക്കപ് വാനിന് നേരെ സംഘപരിവാര ആക്രമണം. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ആദൂര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ പരപ്പ ഫോറസ്റ്റ് ഓഫിസിന് സമീപത്താണ് സംഭവം. കുറ്റിക്കോല്‍ നെല്ലിത്താവിലെ തോമസ്, ഭാര്യ മോളി എന്നിവര്‍ കര്‍ണാടക ധര്‍മസ്ഥലയില്‍നിന്ന് വളര്‍ത്താന്‍ മൂന്നു പശുക്കളെയും പശുക്കിടാവിനെയും വാങ്ങി വരുമ്പോഴായിരുന്നു അക്രമം.
തോമസും ഭാര്യയും കാറിലും പശുക്കളുമായി പിക്കപ് ലോറികള്‍ പിറകിലും വരികയായിരുന്നു. കര്‍ണാടക മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് പശുക്കളെ കൊണ്ടുവന്നത്. സുള്ള്യ പോലിസ് അതിര്‍ത്തിയില്‍ വാഹനം പരിശോധിച്ചപ്പോള്‍ ഫാമിലേക്ക് കൊണ്ടുപോവുകയാണെന്ന രേഖകള്‍ കാണിച്ചതിനാല്‍ വിട്ടയച്ചു. എന്നാല്‍, മിനിറ്റുകള്‍ക്കകം കേരള അതിര്‍ത്തിയില്‍ ആക്രമിക്കുകയായിരുന്നു.
ദമ്പതികള്‍ സഞ്ചരിച്ച കാറിന് പിറകിലായി വരികയായിരുന്ന പിക്കപ് ഡ്രൈവര്‍ ശക്കീല്‍ അഹമ്മദിനാണ് മര്‍ദനമേറ്റത്. കെ എ 21 പി. 2714 മാരുതി സെലേറിയോ കാറിലാണ് അക്രമിസംഘമെത്തിയത്. വിവരമറിഞ്ഞ് ഉടന്‍ ആദൂര്‍ പോലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടാനായില്ല. കാര്‍ മരത്തിലിടിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പിക്കപ് വാന്‍ ഡ്രൈവര്‍ ശക്കീല്‍ അഹമ്മദിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു. മുഡൂര്‍ മണ്ഡക്കോല്‍ ഭാഗത്ത് നിന്നുള്ള ഹിന്ദു ജാഗരണ്‍ വേദി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.