Sunday, July 25, 2021
Home Ediotrs Pick വൈറസില്ലെന്ന് വാദിച്ച് കോവിഡിന് വ്യാജചികില്‍സ നടത്തിയ മോഹനന്‍ വൈദ്യര്‍ മരിച്ചത് കോവിഡ് ബാധിച്ച്

വൈറസില്ലെന്ന് വാദിച്ച് കോവിഡിന് വ്യാജചികില്‍സ നടത്തിയ മോഹനന്‍ വൈദ്യര്‍ മരിച്ചത് കോവിഡ് ബാധിച്ച്

തിരുവനന്തപുരം: ഇന്നലെ മരിച്ച വിവാദ പ്രകൃതി ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ഇല്ലെന്ന് വാദിച്ച് വാക്‌സിനെതിരേ പ്രചാരണം നടത്തുകയും കോവിഡിന് വ്യാജ ചികില്‍സ നടത്തുകയും ചെയ്തയാളായിരുന്നു മോഹനന്‍ വൈദ്യര്‍.

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പ് മരണം സംഭവിച്ചിരുന്നതായി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 9.20നാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആലപ്പുഴ സ്വദേശിയായ മോഹനന്‍ വൈദ്യര്‍ കുറച്ചുനാളായി കാലടിയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസമായി വയറിളക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു.

വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായ നിലപാടുകളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിച്ചയാളാണ് മോഹനന്‍ വൈദ്യര്‍ എന്ന മോഹനന്‍ നായര്‍. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം.

പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച ഒന്നര വയസുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയ ചികിത്സ നല്‍കി മരണത്തിനിടയാക്കി എന്ന സംഭവത്തില്‍ മോഹനന്‍ വൈദ്യരുടെ പേരില്‍ പോലിസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നിപ വൈറസ് ആരോഗ്യ വകുപ്പിന്റെയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസുണ്ട്. വൈറസുകൾ ഇല്ല, മരണം ഇല്ല, കാൻസർ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങൾ പല വേദികളിലും നടത്തുന്നയാളാണ് മോഹനൻ നായർ. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്

കോവിഡിന് വ്യാജ ചികിത്സ നല്‍കിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതില്‍ നിന്ന് ആരോഗ്യവകുപ്പ് വിലക്കി. ഭാര്യ: ലത, മക്കള്‍: ബിന്ദു, രാജീവ്. മരുമകന്‍: പ്രശാന്ത്.

 

Most Popular