ഇനി പണമെടുക്കാന്‍ ബാങ്കിലോ എടിഎമ്മിലോ പോവേണ്ട; പോസ്റ്റ്മാന്‍ വീട്ടിലെത്തിക്കും

cash withdrawal

തിരുവന്തപുരം: ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പോസ്റ്റ് ഓഫിസ് വഴി പണം പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഇത് സാധ്യമാവുക. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫിസില്‍ വിവരം അറിയിച്ചാല്‍ പോസ്റ്റ്മാന്‍ തുകയുമായി വീട്ടിലെത്തും. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിച്ചായിരിക്കും പണം കൈമാറുക.

ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. 143 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം പിന്‍വലിക്കാം. സഹകരണ ബാങ്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.

കൊറോണ വ്യാപനം തടയാനായി കര്‍ശന നിയന്ത്രണമുണ്ടെങ്കിലും എടിഎമ്മിലെയും ബാങ്കുകളിലെയും തിരക്ക് കുറയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ പണം എത്തിക്കാനുള്ള സംവിധാനം നടപ്പാക്കാമെന്ന ശുപാര്‍ശ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അതേസമയം സംസ്ഥാനത്തെ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ പുതിയ ക്രമീകരണം ഒരുങ്ങുന്നു. അടുത്തയാഴ്ച്ച തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ 2 മണിവരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഇക്കഴിഞ്ഞയാഴ്ച വൈകിട്ട് നാല് വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.