Monday, October 25, 2021
HomeEdiotrs Pickസിംഹാസനത്തില്‍ ബെഹ്‌റ, വാളുമായി എഡിജിപി, തോളില്‍ കൈയിട്ട് ഉന്നത നേതാക്കള്‍; മോന്‍സന്റെ ബന്ധങ്ങള്‍ അമ്പരപ്പിക്കുന്നത്

സിംഹാസനത്തില്‍ ബെഹ്‌റ, വാളുമായി എഡിജിപി, തോളില്‍ കൈയിട്ട് ഉന്നത നേതാക്കള്‍; മോന്‍സന്റെ ബന്ധങ്ങള്‍ അമ്പരപ്പിക്കുന്നത്

തിരുവനന്തപുരം: വ്യാജ പുരാവസ്തുക്കള്‍ കാട്ടി കോടിക്കണക്കിന് രൂപ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രാഷ്ട്രീയ പ്രമുഖര്‍ക്കു പുറമേ പോലീസ് ഉന്നതരും സിനിമാ തരങ്ങളും അടക്കമുള്ളവര്‍ മോന്‍സണ്‍ മാവുങ്കലുമായി ചേര്‍ന്ന് നില്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തില്‍പ്പെട്ട സിംഹാസനത്തില്‍ ഇരിക്കുന്ന ലോക്‌നാഥ് ബെഹ്‌റ, തൊട്ടടുത്ത് രാജകീയ വാളുമായി നില്‍ക്കുന്ന എഡിജിപി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

ഉന്നത സ്ഥാനത്തിരിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുക, വ്യാജ പുരാവസ്തുക്കള്‍ കാണിച്ച് അമ്പരപ്പിക്കുക, അവരുടെ ഫോട്ടോകളെടുത്ത് പിന്നീട് തട്ടിപ്പിന് ഉപയോഗിക എന്നതായിരുന്നു രീതി. ഉന്നത ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതിനാണ് ഈ ഫോട്ടോകള്‍ ഉപയോഗിച്ചത്.
Monson Mavunkal with Roshy agustinപുരാവസ്തുക്കളായി മോശയുടെ വടി, യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശില്‍ 2 എണ്ണം, രാജ സിംഹാസനം, ടിപ്പുവിന്റെ സിംഹാസനം, രാജാക്കന്മാരുടെ വാളുകള്‍, മോതിരങ്ങള്‍, പ്രവാചക ശേഷിപ്പുകള്‍ തുടങ്ങി നിരവധി പുരാവസ്തുക്കള്‍ തന്റെ ശേഖരത്തില്‍ ഉണ്ട് എന്നായിരുന്നു ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

സമ്പന്നനാണെന്ന് കാണിക്കാന്‍ വേണ്ടി കോടികള്‍ വിലമതിക്കുന്ന കാറുകളായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്. ആര്‍ക്കും ഒരു സംശയം തോന്നാത്ത രീതിയിലായിരുന്നു പെരുമാറ്റം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് മോന്‍സന്റെ മറ്റു രാഷ്ട്രീയ ബന്ധങ്ങളും ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
Monson Mavunkal with K Sudhakaranകെ സുധാകരനുമായി മോന്‍സണ് അടുത്ത ബന്ധമുണ്ടെന്നും സുധാകരനെ ചുകിത്സിച്ചത് മോന്‍സണായിരുന്നു എന്നായിരുന്നു പരാതിക്കാരനായ ഷെമീര്‍ പറയുന്നത്. കോസ്‌മെറ്റിക് ചികിത്സയില്‍ എംഡി ബിരുദം ഉണ്ട് എന്നായിരുന്നു ഇയാള്‍ വിശ്വസിപ്പിച്ചിരുന്നത്.

സ്വന്തം പ്രചാരണത്തിന് വേണ്ടി മന്ത്രിമാരുടെ ചിത്രങ്ങളും മോന്‍സണ്‍ ഉപയോഗിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരുമായുള്ള ചിത്രങ്ങള്‍ ഇയാള്‍ ഉപയോഗിച്ചുവെന്നും റോഷി അഗസ്റ്റിന് പണം നല്‍കിയാല്‍ ഇടുക്കിയിലുള്ള റോഡ് കരാര്‍ നല്‍കുമെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരന്‍ ഷെമീര്‍ പറയുന്നു.

നിരവധി നേതാക്കള്‍ മോന്‍സണ്‍ ജോണ്‍സിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകരായിരുന്നു. കെ സുധാകരന്‍, ഹൈബി ഈഡന്‍, ലാലി വിന്‍സന്റ്, മോന്‍സ് ജോസഫ് തുടങ്ങിയ നിരവധി പേരും ഉദ്യോഗസ്ഥരായിട്ടുള്ള ജിജി തോംസണ്‍, ഡിഐജി സുരേന്ദ്രന്‍, എസിപി ലാല്‍ ജി തുടങ്ങി നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. പ്രമുഖരായ നടി നടന്മാരുടെ കൂടെ ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

 

 

Most Popular