Sunday, October 24, 2021
HomeNewsKeralaസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് 75 പവന്‍ തട്ടി; യുവാവും മാതാവും...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് 75 പവന്‍ തട്ടി; യുവാവും മാതാവും അറസ്റ്റില്‍

ആറ്റിങ്ങല്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍നിന്ന് 75 പവന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെയും അമ്മയെയും പോലിസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ കവലയൂര്‍ കുളമുട്ടം എന്‍എസ് ലാന്‍ഡില്‍ എന്‍ ഷിബിന്‍ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശിയായ പതിനഞ്ചുകാരിയാണ് തട്ടിപ്പിനിരയായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഷിബിന്റെ വീട്ടില്‍ നിന്ന് 9,80,000 രൂപ പോലിസ് കണ്ടെടുത്തിട്ടുണ്ട്.

ഏഴുമാസം മുമ്പാണ് തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക വഴിയാണ് ഷിബിന്‍ 15 വയസ്സുള്ള പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. ഫേസ്ബുക്കില്‍ തന്റെ സാമ്പത്തികപ്രയാസങ്ങളെക്കുറിച്ച് ഷിബിന്‍ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി വിവരങ്ങള്‍ ചോദിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഷിബിന്‍ സ്വര്‍ണം ആവശ്യപ്പെടുകയായിരുന്നു.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാരറിയാതെ പെണ്‍കുട്ടി എടുത്ത് സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഷിബിന് കൈമാറി. അടുത്തിടെ വീട്ടുകാര്‍ അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്നാണ് തട്ടിപ്പിനിരയായ വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്.

പെണ്‍കുട്ടി 27 പവന്‍ തനിക്ക് കൈമാറിയതായും ഇത് വിറ്റുകിട്ടിയ പണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന്‍ ഷിബിനെ സഹായിച്ചത് ഷാജിലയാണ്.

ഇതേത്തുടര്‍ന്നാണ് ഇവരെയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ഡി മിഥുന്‍ അറിയിച്ചു.

 

Most Popular