കൊടും വര്‍ഗീയവാദിയായ ഗോള്‍വാള്‍ക്കറുടെ പേര് ആര്‍ജിസിബി ക്യാമ്പസിന്; ശക്തമായ പ്രതിഷേധവുമായി യുഡിഎഫും എല്‍ഡിഎഫും

golwalker rgbc

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് നേതാവ് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനെടുത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധം കത്തുന്നു. കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ആര്‍ജിസിബിയുടെ രണ്ടാം ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടുന്നകാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് അറിയിച്ചത്. തീരുമാനം പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനവുമായി സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിംലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി.

വര്‍ഗീയവിഭജനത്തിലൂടെ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമമെന്ന് സിപിഎം ആരോപിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയുടെ പേരിടുന്നതിലൂടെ മതേതരപാരമ്പര്യമുള്ള കേരളത്തെ അപമാനിച്ചുവെന്ന് എംഎ ബേബി കുറ്റപ്പെടുത്തി. കേരള സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍ എസ് എസിന്റെ കുല്‍സിതനീക്കമാണ് ഇതിനു പിന്നിലെന്നും കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തീരുമാനം പിന്‍വലിക്കണമെന്നും ഗോള്‍വാള്‍ക്കറുടെ പേര് നല്‍കരുതെന്നും ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

അതേ സമയം, തീരുമാനം പിന്‍വലിക്കണമെന്നും രണ്ടാം സെന്ററിനും രാജീവ് ഗാന്ധിയുടെ പേരിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും കത്തയച്ചു. വര്‍ഗീയതയെന്ന രോഗം പ്രോത്സാഹിപ്പിച്ചതെല്ലാതെ ശാസ്ത്രത്തിന് എന്തു സംഭാവനയാണ് ഗോള്‍വാള്‍ക്കര്‍ നല്‍കിയതെന്ന് ശശിതരൂരും വിമര്‍ശിച്ചു. മതത്തിന് ശാസ്ത്രത്തിന് മേല്‍ അധീശത്വം വേണമെന്ന് പറഞ്ഞ ഹിറ്റ്‌ലര്‍ ആരാധകനാണ് ഗോള്‍വാള്‍ക്കര്‍. രാജീവ് ഗാന്ധി ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ ചരിത്രമറിയുന്നവര്‍ക്കറിയാമെന്നും ശശിതരൂര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പിഎ മജീദ് പ്രതികരിച്ചു. ഇന്ത്യയില്‍ വര്‍ഗീയ രാഷ്ട്രീയം ആളിക്കത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ് എംഎസ് ഗോള്‍വാള്‍ക്കര്‍. അതിനാല്‍ ഈ നീക്കം ചെറുത്തു തോല്‍പിക്കാന്‍ കേരളത്തിലെ എല്ലാ മതേതര വിശ്വാസികളും രംഗത്തിറങ്ങണമെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ കടുത്ത പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഉയരുന്നത്.