Wednesday, December 1, 2021
HomeNewsKeralaഹരിത നേതാവിനെതിരേ അശ്ലീല പരാമര്‍ശം; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍

ഹരിത നേതാവിനെതിരേ അശ്ലീല പരാമര്‍ശം; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍

തിരുവനന്തപുരം: അശ്ലീല പരാമര്‍ശം നടത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. ലൈംഗികചുവയോടെ സംസാരിച്ചുവെന്ന ഹരിത നേതൃത്വത്തിന്റെ പരാതിയിലാണ് അറസ്റ്റ്.

വെള്ളയില്‍ സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന 354(എ) വകുപ്പാണ് ചുമത്തിയത്.

ജൂണ്‍ 22ന് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഹരിത നേതൃത്വത്തിനെതിരെ ലൈംഗികച്ചുവയോടെ പി കെ നവാസ് സംസാരിച്ചത്. ഇതില്‍ നടപടി എടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനോട് യോഗത്തിന്റെ മിനിറ്റ്‌സ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം നവാസിനോട് സ്‌റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിനുപിന്നാലെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ നവാസിനെ വിട്ടയച്ചു.

പി കെ നവാസിന്റെ മോശം പരാമര്‍ശത്തിനെതിരേ ഹരിത നേതാക്കള്‍ ലീഗ് നേതൃത്വത്തെ സമീച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹികള്‍ വനിതാ കമീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് വനിതാ കമ്മീഷന്‍ പരാതി പോലിസിന് കൈമാറുകയായിരുന്നു.

പരാതി പിന്‍വലിക്കാന്‍ മുസ്‌ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിത വിഭാഗം അതിന് തയാറായിരുന്നില്ല. എംഎസ്എഫ് ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ഹരിതയുടെ നിലപാട്. നേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഹരിത കമ്മിറ്റിയെ ആദ്യഘട്ടത്തില്‍ മുസ്‌ലിം ലീഗ് മരവിപ്പിക്കുകയും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.

അതേസമയം, ഹരിത വിവാദത്തില്‍ പാര്‍ട്ടിക്ക് പിഴവുപറ്റിയിട്ടുണ്ടെന്ന് കാണിച്ച് എംഎസ്എഫിലെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരടക്കമുള്ളവരാണ് പരാതി നല്‍കിയത്.

 

Most Popular