Wednesday, June 23, 2021
Home News Kerala കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ യൂത്ത് ലീഗ്; എംപി സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് മുഈന്‍ അലി തങ്ങള്‍

കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ യൂത്ത് ലീഗ്; എംപി സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് മുഈന്‍ അലി തങ്ങള്‍

മലപ്പുറം: ലോക്‌സഭാ അംഗത്വം രാജിവച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നു. ലീഗ് നേതൃത്വം തീരുമാനം പുനപ്പരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എം.പി സ്ഥാനം രാജിവയ്ക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് ഏറ്റവും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത ആറ് മാസം കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. അതില്‍ എല്ലാവരും ദുഖിതരാണ്- മുഈന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുഈന്‍ അലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായും പ്രസ്താവന വന്നിരുന്നു. പാര്‍ട്ടിക്കകത്ത് വ്യാപകമായ മുറുമുറുപ്പുണ്ടെങ്കിലും മുസ്ലിം ലീഗിലെ ചോദ്യംചെയ്യാനാവാത്ത നേതാവ് എന്നറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടിക്കെതിരേ ഒരു ദേശീയ നേതാവ് പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

എം.പി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. തീരുമാനത്തിനെതിരെ പ്രതിപക്ഷത്ത് നിന്നടക്കം വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് പാണക്കാട് കുടുംബത്തില്‍ നിന്നു തന്നെ എതിര്‍പ്പുയരുന്നത്.

Most Popular