മോദിയേക്കാള്‍ വര്‍ഗീയത സിപിഎമ്മിനെന്ന് ലീഗ്; പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം

ET Basheer and Pinarayi vijayan

മലപ്പുറം: നരേന്ദ്ര മോദിയേക്കാള്‍ വലിയ വര്‍ഗീയതയാണ് സിപിഎമ്മിനെന്ന് മുസ്ലിം ലീഗ്. സിപിഎമ്മിനും (CPM) മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ (Pinarayi Vijayan) രൂക്ഷ വിമര്‍ശനമുന്നയിച്ച് മുസ്ലിം ലീഗ് (Muslim League) നേതാവ് ഇ ടി മുഹമ്മദ് ബഷീറാണ് രംഗത്തെത്തിയത്. കേരളത്തില്‍ വര്‍ഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ക്ക് വില കൊടുക്കുന്നില്ലെന്നും ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് പറഞ്ഞു.

ബിജെപിയും നരേന്ദ്രമോദിയും ഡല്‍ഹിയില്‍ കാണിക്കുന്നതിനേക്കാള്‍ മോശമായ വര്‍ഗീയതയാണ് സിപിഎം കേരളത്തില്‍ കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സമുദായങ്ങളെ ഭിന്നപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ആരോപിച്ചു.

‘മൗലികമായ കാര്യങ്ങളില്‍ ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ല. കേരളത്തില്‍ വര്‍ഗീയത കാണിക്കുന്നത് സിപിഎമ്മാണ്. കേരളത്തിലെ സമുദായങ്ങളെ ഭിന്നപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. ചിലരെ ചവിട്ടിപ്പുറത്താക്കുന്നു. ഇതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലീം ലീഗ് മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ശക്തമായി മുന്നോട്ട് പോവുമെന്നും ബഷീര്‍ പറഞ്ഞു.