Thursday, December 2, 2021
HomeNewsKeralaമുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; കുഞ്ഞാലിക്കുട്ടിയും ഹരിതയും മുഖ്യ ചര്‍ച്ച

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; കുഞ്ഞാലിക്കുട്ടിയും ഹരിതയും മുഖ്യ ചര്‍ച്ച

കോഴിക്കോട്: മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് രാവിലെ 10ന് മലപ്പുറം ലീഗ് ഹൗസില്‍. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുമായി ബന്ധപ്പെട്ട വിവാദം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ കമ്മീഷനില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തില്‍ അച്ചടക്ക നടപടി യോഗം ചര്‍ച്ച ചെയ്യും.

ഹരിതയെ പിന്തുണച്ചും മുസ്ലിം ലീഗ് നേതൃത്വത്തെ കുറ്റപെടുത്തിയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ നടത്തിയ പരാമര്‍ശങ്ങളും യോഗം ചര്‍ച്ച ചെയ്യും. കുഞ്ഞാലിക്കുട്ടിക്കെതിരായ വിവാദങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും. ചന്ദ്രികയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് മുഈനലി തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ലീഗിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത ആഴ്ച്ച ചേരാനിരിക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തിന്റെ അജണ്ട നിശ്ചയിക്കല്‍, സംഘടനാ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങളാലോചിക്കാന്‍ ചുതലപെടുത്തിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കല്‍ എന്നിവയാണ് യോഗത്തില്‍ അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എം കെ മുനീര്‍ ഉള്‍പെടെ പത്ത് പേരാണ് ഉന്നതാധികാര സമിതിയിലുള്ളത്. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാനിടയില്ല.

Most Popular