കണ്ണൂര്‍: കോവിഡ് ബാധിതനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ഇദ്ദേഹത്തിന് കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യനില വഷളാക്കി. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്സിജന്‍ മെഷീന് ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തും. വൈകിട്ട് മൂന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അനില്‍ സത്യദാസ്, ഡോ. സന്തോഷ് എന്നിവര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലെത്തി ജയരാജനെ പരിശോധിക്കും. ഒരാഴ്ച മുമ്പാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോവിഡ് ബാധിച്ചത്.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘവും പരിശോധന നടത്തിയിരുന്നു. ശ്വാസകോശവിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ എം അനന്തന്, അനസ്തേഷ്യ വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ പിഎംഎ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധ പരിശോധനയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്.
മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.