Tuesday, June 22, 2021
Home News Kerala നാദാപുരത്തെ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് സംശയം; സഹോദരന്‍ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

നാദാപുരത്തെ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് സംശയം; സഹോദരന്‍ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

നാദാപുരം: ഒരു വര്‍ഷം മുമ്പ് നാദാപുരം നരിക്കാട്ടേരിയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹോദരന്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് നേരത്തേയുണ്ടായിരുന്ന ആരോപണം വീണ്ടും സജീവമായത്. വീഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പുനരന്വേഷണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

2020 മെയ് അഞ്ചിനാണ് പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി കറ്റാറത്ത് അബ്ദുല്‍ അസീസ് (16) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അന്ന് തന്നെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമാണ് സഹോദരന്‍ കുട്ടിയെ മര്‍ദ്ദിക്കുന്ന രംഗം ഉള്‍ക്കൊള്ളുന്ന വീഡിയോ പുറത്ത് വന്നത്. കുട്ടിയെ പിടിച്ചു തള്ളുന്നതും കഴുത്ത് ഞെരിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. വീട്ടിനകത്തുള്ള ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.

നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ആത്മഹത്യ എന്ന കണ്ടെത്തലില്‍ അവസാനിപ്പിക്കുകയായിരുന്നു. വിഡിയോ പുറത്ത് വന്നതോടെ നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും വീട് വളഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുറ്റാരോപിതരായ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു.

പുനരന്വേഷണത്തിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റൂറല്‍ എസ് പി ഡോ. ശ്രീനിവാസന്‍ അറിയിച്ചു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിനോട് പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. കേസില്‍ അസീസിന്റെ ബന്ധുക്കളെ ഉടന്‍തന്നെ വിശദമായി ചോദ്യംചെയ്യും. വിദേശത്തുള്ള സഹോദരനോട് നാട്ടിലെത്താനും ആവശ്യപ്പെടും. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.
ALSO WATCH

Most Popular