ആമസോണില്‍ ചിരട്ട വില്‍പ്പന പൊടിപൊടിക്കുന്നു; കിലോയ്ക്ക് വില 398 രൂപ

coconut half shell sale in amazon

കോഴിക്കോട്: തേങ്ങ ചിരവി കഴിഞ്ഞാല്‍ വലിച്ചെറിയുകയോ അപൂര്‍വ്വം ചിലര്‍ കത്തിക്കുകയോ ചെയ്യുന്ന ചിരട്ടയ്ക്ക് ആമസോണില്‍ വന്‍ ഡിമാന്‍ഡ്. ഓഫര്‍ വില കിലോക്ക് 298 രൂപ. അല്ലെങ്കില്‍ 398 രൂപ നല്‍കണം! ഇപ്പോള്‍ വാങ്ങിയാല്‍ നാലിലൊന്ന് വിലക്കിഴിവ് കിട്ടുമെന്നാണ് ആമസോണിന്റെ വമ്പന്‍ ഓഫര്‍.

25 ശതമാനം വിലക്കിഴിവിന് പുറമെ ആമസോണ്‍ പേ ഉപയോഗിച്ച് പണമടച്ചാല്‍ 10 ശതമാനം കാഷ്ബാക്കും ലഭിക്കും. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ നോ കോസ്റ്റ് ഇ.എം.ഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും ചിരട്ട വാങ്ങുന്നവര്‍ക്ക് ലഭ്യമാകും.

‘കരകൗശലവസ്തുക്കള്‍, വിത്ത് മുളയ്പ്പിക്കല്‍, പ്രകൃതിദത്ത കരി, ബിബിക്യു എന്നിവയ്ക്കായി കൈകൊണ്ട് വേര്‍തിരിച്ചെടുത്ത പ്രകൃതിദത്ത നാളികേര ചിരട്ടകള്‍’ എന്നാണ് ഇതിന്റെ വിവരണം. 199 രൂപയുള്ള അരകിലോയ്ക്ക് 149 രൂപയാണ് ഓഫര്‍ വില. കേരളത്തില്‍ നിന്നുള്ള പെര്‍ഫെക്ട് പ്രൊഡക്ട്‌സ് എന്ന കമ്പനിയാണ് ചിരട്ട വില്‍പ നക്കെത്തിച്ചിരിക്കുന്നത്.

ക്ലൗഡ് ടൈല്‍ ഇന്ത്യ എന്ന കമ്പനി വില്‍പനക്ക് എത്തിച്ചിരിക്കുന്ന പോളിഷ് ചെയ്ത 2 ചിരട്ടകള്‍ക്ക് 349 രൂപയാണ് വില. കിലോക്ക് 199 രൂപ, 40 എണ്ണത്തിന് 140 രൂപ, 75 എണ്ണത്തിന് 250 രൂപ, 4കിലോക്ക് 315രൂപ എന്നിങ്ങനെ വ്യത്യസ്ത ഓഫറുകളുമായി വേറെയും കമ്പനികള്‍ ആമസോണില്‍ ചിരട്ടക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
ALSO WATCH