തിരുവനന്തപുരം: സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പണം നല്‍കിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രന് ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്ബര്‍ ചോദിച്ചാണ് സുരേന്ദ്രന്റെ പിഎ വിളിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ഹൊറൈസല് ഹോട്ടലിലെ 503ാം നമ്ബര്‍ നമ്ബര്‍ മുറിയിലാണ് സുരേന്ദ്രനും പിഎയും എത്തിയതെന്നാണ് പ്രസീത പറയുന്നത്. മാര്‍ച്ച് ആറിനാണ് സുരേന്ദ്രന് ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും തിരുവനന്തപുരത്ത് എത്തുന്നത്. ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രന് തന്നെ വിളിച്ചിരുന്നു. ജാനു രാത്രി എത്തിയതിന് ശേഷമാണ് പിറ്റേന്ന് കാണാമെന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്ബര്‍ ഏതാണെന്ന് സുരേന്ദ്രന് തിരക്കുകയും ചെയ്തിരുന്നു. ഒപ്പം എപ്പോഴാണ് കാണാന്‍ സാധിക്കുകയെന്നും ചോദിച്ചു. സുരേന്ദ്രന് പറ്റുന്ന സമയത്ത് കാണാമെന്ന് താന്‍ പറഞ്ഞെന്നും പ്രസീത പറഞ്ഞു.
ഹൊറൈസണ്‍ ഹോട്ടലിലെ മുറിയില്‍ വെച്ചാണ് പത്ത് ലക്ഷം കൈമാറിയതെന്ന് പ്രസീത പറയുന്നു. വിജയ യാത്രയ്ക്കിടെ മാര്‍ച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ച്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന് ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്തുവന്നിട്ടുണ്ട്. സുരേന്ദ്രന്റെ ഫോണില്‍ നിന്ന് കോള്‍ വന്നപ്പോള്‍ ജാനു ചാടിക്കയറി എടുക്കുകയായിരുന്നു. അതിന് ശേഷമാണ് സുരേന്ദ്രനും ഒപ്പം കൂടെയുള്ളയാളും മുറിയിലേക്ക് എത്തിയത്. ജാനുവുമായി രണ്ട് മിനുട്ട് സംസാരിക്കണമെന്ന് പറഞ്ഞതോടെ മുറിയില്‍ നിന്ന് പുറത്തിറങ്ങി. അവിടെ വെച്ചാണ് സംസാരിച്ച്, പണം കൈമാറിയതെന്നും പ്രസീത വ്യക്തമാക്കി.