Monday, October 25, 2021
HomeNewsKeralaകുഴലില്‍ തലകുടുങ്ങി സുരേന്ദ്രന്‍; അടുത്ത അധ്യക്ഷന്‍ സുരേഷ് ഗോപിയോ തില്ലങ്കേരിയോ

കുഴലില്‍ തലകുടുങ്ങി സുരേന്ദ്രന്‍; അടുത്ത അധ്യക്ഷന്‍ സുരേഷ് ഗോപിയോ തില്ലങ്കേരിയോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അടപടലം പൊട്ടിയതിന് പുറമേ കോടികളുടെ കുഴല്‍പ്പണ ഇടപാട് പുറത്തുവന്നതിന്റെ ജാള്യതയില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന കേരളത്തിലെ ബിജെപി ഘടകത്തെ രക്ഷിക്കാന്‍ ഇനിയാര്. കുഴല്‍പ്പണ ഇടപാടിലെ പ്രധാനപേരുകാരനായ സുരേന്ദ്രനെ ബലിയാടാക്കി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രനേതൃത്വം

അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഉണ്ടാവാറുള്ള പതിവ് തമ്മിലടി ഒഴിവാക്കാന്‍, അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍ സംസ്ഥാനത്തെ ബൂത്ത് തലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തകരെ കണ്ട് സമഗ്രമായി തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇതിന്മേല്‍ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനവും അനുസരിച്ചാണ് ബിജെപിയിലെ മാറ്റമുണ്ടാകുക. ബൂത്ത് തലം മുതല്‍ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നും പുതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരുമെന്നുമാണ് സൂചന.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന് ഇനി ഒരുവര്‍ഷം കൂടി സമയമുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കുഴല്‍പ്പണ വിവാദവും കൂടി വന്നതോടെയാണ് സുരേന്ദ്രനെതിരേ എതിര്‍പക്ഷം ചരടുവലി ശക്തമാക്കിയത്. ഇതിന് കേന്ദ്രനേതൃത്വം വഴങ്ങുമെന്നാണ് സൂചന. നേതൃത്വത്തിലെ പടലപ്പിണക്കവും ഗ്രൂപ്പുവഴക്കുമാണ് പാര്‍ട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടാന്‍ കാരണമായതെന്നാണ് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടി.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മില്‍ നടത്തിയ വാഗ്വാദങ്ങള്‍ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്കു നയിച്ചിരുന്നു. പല മണ്ഡലങ്ങളിലും ഇവര്‍ പരസ്പരം കാലുവാരുകയും ചെയ്തു. രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടും നിലംതൊടാതിരുന്നതും സുരേന്ദ്രന് വിനയായി.

ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ സമാനമായ വികാരമാണെന്നത് ജനറല്‍ സെക്രട്ടറിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നേതൃമാറ്റമുണ്ടാകുമെന്ന വാര്‍ത്തകളൊക്കെ ബിജെപി നേതാക്കള്‍ തള്ളുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ബിജെപി നേതാക്കളോട് പ്രവര്‍ത്തകരില്‍ ഉണ്ടായ അതൃപ്തി ദേശീയ നേതൃത്വം കണക്കിലെടുത്താല്‍ മാറ്റം ഉടനെയുണ്ടായേക്കും.

സുരേഷ് ഗോപിയോ തില്ലങ്കേരിയോ
അടുത്തകാലത്തായി ബിജെപി മുഖമായി സംസ്ഥാനത്ത് മാധ്യമങ്ങളില്‍ നിറയുന്നത് സുരേഷ് ഗോപിയാണ്. ഇദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇത് കാരണമായി. എന്നാല്‍, സംസ്ഥാന അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്നാണ് സുരേഷ്‌ഗോപി വ്യക്തമാക്കുന്നത്.

അധ്യക്ഷ സ്ഥാനത്തിന് തീര്‍പ്പില്ലാതെ കഴിഞ്ഞ സമയത്താണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്. ഇതേപോലെ ബിജെപി സംവധാനത്തിന് പുറത്ത് നില്‍ക്കുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് ആരെയെങ്കിലും നേതൃത്വത്തിലേക്ക് എത്തുമോയെന്നതാണ് ഇനി അറിയേണ്ടത്. ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനുമായ വത്സന്‍ തില്ലങ്കേരി ഈ സ്ഥാനത്തെത്തുമോ എന്ന ആകാംക്ഷയും ഉയര്‍ന്നിട്ടുണ്ട്

സുരേന്ദ്രനെ അധ്യക്ഷനാക്കിയത് കൃഷ്ണദാസ് പക്ഷത്തുള്ളവര്‍ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ഇനിയൊരു ഗ്രൂപ്പ് വഴക്കിന് കേന്ദ്രം തയ്യാറായേക്കില്ല. അതിനാല്‍ സുരേഷ് ഗോപി, വത്സന്‍ തില്ലങ്കേരി എന്നീ പേരുകള്‍ സജീവമായി പരിഗണിക്കുന്നുണ്ട്. അല്ലെങ്കില്‍ അവസാന ശ്രമമായി കഴിഞ്ഞതവണ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച എം ടി രമേശിനെ അധ്യക്ഷനാക്കാനും തുനിഞ്ഞേക്കും. നേതൃത്വത്തിലെ എതിര്‍പ്പ് പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും സംഘപരിവാറിലും പുറത്തും ഇദ്ദേഹത്തിന് സ്വീകാര്യതയുണ്ട്.

 

Most Popular