Monday, December 5, 2022
HomeNewsKeralaബഹ്‌റൈന്‍ പ്രവാസിയുടെ നേതൃത്വത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് ശ്രമമെന്ന്; കേരളത്തില്‍ ഉള്‍പ്പെടെ 11 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ബഹ്‌റൈന്‍ പ്രവാസിയുടെ നേതൃത്വത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് ശ്രമമെന്ന്; കേരളത്തില്‍ ഉള്‍പ്പെടെ 11 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്താനും ആക്രമണത്തിനും പദ്ധതിയിട്ടുവെന്നാരോപിച്ച് കേരളത്തില്‍ ഉള്‍പ്പെടെ 11 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിലെ എട്ടിടങ്ങളിലും ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലുമാണ് ഇന്ന് പ്രാദേശിക പോലിസ് സഹായത്തോടെ റെയ്ഡ് നടത്തിയതെന്ന്് എന്‍ഐഎ പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തില്‍ കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലാണ് പരിശോധന നടന്നത്. ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന മുഹമ്മദ് അമീന്‍ എന്ന അബൂ യഹ്യയയുടെ നേതൃത്വത്തിലാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയത് എന്ന് എന്‍ഐഎ അവകാശപ്പെടുന്നു. തിരിച്ചറിഞ്ഞ ഏഴ് പേരും തിരിച്ചറിയാത്ത ചിലരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

റെയ്ഡില്‍ ലാപ്ടോപ്പുകളും മൊബൈലുകളും ഹാര്‍ഡ് ഡ്രൈവുകളും, സിം കാര്‍ഡുകളും പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിലും കര്‍ണാടകയിലുമുള്ള ചിലരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും ആരോപണമുണ്ട്. ടെലഗ്രാം, ഹൂപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വിവിധ സമൂഹ മാധ്യമ ചാനലുകള്‍ ഉപയോഗിച്ച് ഗ്രൂപ്പ് ആശയവിനിമയം നടത്തുകയും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടത്തുകയും ചെയുതുവത്രെ.

ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി സംഘം കശ്മീരിലേക്ക് ഹിജ്റ പോകാന്‍ പദ്ധയിട്ടിരുന്നുവെന്നാണ് എന്‍ഐഎ വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം. 2020 മാര്‍ച്ചില്‍ ബഹ് റൈനില്‍നിന്ന് നാട്ടിലെത്തിയ ഉടന്‍ മുഹമ്മദ് അമീന്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും രണ്ടു മാസമായി ഡല്‍ഹിയില്‍ താമസിച്ച് കശ്മീരിലുള്ളവരുമായി ബന്ധം സ്ഥാപിച്ചുവരികയായിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

എന്‍ഐഎ, സ്‌പെഷ്യല്‍ സെന്‍, ഡല്‍ഹി പോലിസ്, എടിഎസ്, കേരള പോലിസ് എന്നിവ സംയുക്തമായി ഉറപ്പ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പരിശോധന നടന്നതെന്നും ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. അതേ സമയം, റെയ്ഡ് സംബന്ധിച്ച് കേരള പോലിസ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ALSO WATCH

Most Popular