Saturday, July 24, 2021
Home News Kerala മുസറഫിന്റെ ഇടപെടലുകളില്‍ ഇതുവരെ സംശയമൊന്നും തോന്നിയിട്ടില്ലെന്ന് ഭാര്യ; അല്‍ഖാഇദ ഭീകരനെന്നാരോപിച്ച് എന്‍ഐഎ പിടികൂടിയ ആളെക്കുറിച്ച് അയല്‍വാസികള്‍ക്കും...

മുസറഫിന്റെ ഇടപെടലുകളില്‍ ഇതുവരെ സംശയമൊന്നും തോന്നിയിട്ടില്ലെന്ന് ഭാര്യ; അല്‍ഖാഇദ ഭീകരനെന്നാരോപിച്ച് എന്‍ഐഎ പിടികൂടിയ ആളെക്കുറിച്ച് അയല്‍വാസികള്‍ക്കും മോശമായൊന്നും പറയാനില്ല

കൊച്ചി: അല്‍ഖാഇദ തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട് കൊച്ചിയില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുസറഫ് ഹസന്റെ ഇടപാടുകളില്‍ ഇതുവരെ സംശയകരമായി ഒന്നും കണ്ടിട്ടില്ലെന്ന് ഭാര്യ സൗമ്യ ബീബി. പെരുമ്പാവൂര്‍ മുടിക്കല്‍ വഞ്ചിനാടില്‍ സ്വകാര്യവ്യക്തിയുടെ ക്വാര്‍ട്ടേഴ്‌സില്‍ കഴിയുകയാണ് ഇവരും രണ്ടുകുട്ടികളും. ഭര്‍ത്താവ് അറസ്റ്റിലായതോടെ ഇവരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

ഒഡിഷ സ്വദേശിയായ ഇവര്‍ ഏഴുവര്‍ഷം മുമ്പാണ് പശ്ചിമബംഗാളുകാരനായ മുസറഫിനെ വിവാഹം ചെയ്തത്. മൂന്നുമാസം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്നിടത്ത് എത്തിയത്. കുട്ടികളെ സമീപത്തെ സ്‌കൂളില്‍ ചേര്‍ത്തു. മുമ്പ് മാവിന്‍ചുവട് ഭാഗത്താണ് താമസിച്ചിരുന്നത്.

”പൊലീസുമായി സംസാരിച്ച് ഇവരുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കും. നിലവില്‍ ഈ ക്വാര്‍ട്ടേഴ്‌സില്‍തന്നെ താമസിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആളെത്തുമെന്ന പ്രതീക്ഷയുണ്ട്” -വാഴക്കുളം പഞ്ചായത്ത് അംഗം വി.സി. ചന്ദ്രന്‍ പറഞ്ഞു.

തങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവരാണ് മുസറഫും കൂടുംബവുമെന്ന് സമീപത്തെ വീട്ടുകാരും പറയുന്നു. എന്‍.ഐ.എ സംഘം ശനിയാഴ്ച പുലര്‍ച്ച വീട്ടില്‍ എത്തി പിടിച്ചുകൊണ്ടുപോയതോടെ അമ്പരിപ്പിലാണ് സമീപവാസികള്‍. ജോലി ചെയ്തിരുന്ന പെരുമ്പാവൂരിലെ കടയില്‍ രാവിലെ പോയി വൈകീട്ടാണ് തിരിച്ചെത്തിയിരുന്നത്.

മുസറഫിന്റെ അനുജന്‍ കുറെനാള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി വരുംമുമ്പ് നാട്ടില്‍ പോയതാണ്. ബന്ധുക്കളൊക്കെ വിവരം അറിഞ്ഞിട്ടുണ്ട്. അവര്‍ വന്ന് മുസറഫിന്റെ ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊണ്ടു പോകുമെന്നാണ് കരുതുന്നതെന്ന് മുസറഫ് ജോലിചെയ്തിരുന്ന പെരുമ്പാവൂരിലെ കടയുടെ ഉടമ അബൂബക്കര്‍ പറഞ്ഞു. നാട്ടില്‍ കൃഷിപ്പണി ചെയ്താണ് മുസറഫിന്റെ ബന്ധുക്കള്‍ കഴിയുന്നത്.

Most Popular