Sunday, January 23, 2022
HomeNewsKeralaഎട്ടുപേര്‍ക്ക് കൂടി നിപ ലക്ഷണം; സമ്പര്‍ക്ക പട്ടികയില്‍ 250ലേറെ പേര്‍

എട്ടുപേര്‍ക്ക് കൂടി നിപ ലക്ഷണം; സമ്പര്‍ക്ക പട്ടികയില്‍ 250ലേറെ പേര്‍

കോഴിക്കോട്: കോഴിക്കോട് ആണ്‍കുട്ടി നിപ ബാധിച്ച് മരിച്ചതിന് എട്ടുപേര്‍ക്കു കൂടി രോഗലക്ഷണം. കുട്ടിയുടെ മാതാവും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം ഇന്നലെ മൂന്ന് പേര്‍ക്കായിരുന്നു രോഗ ലക്ഷണങ്ങളുണ്ടായിരുന്നത്. നിലവില്‍ എട്ട് പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇതിനിടെ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. റൂട്ട്മാപ്പ് പുറത്തുവിട്ടതിന് പിന്നാലെ 251 പേരെയാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കുട്ടിയുമായി അടുത്തിടപഴകിയ 32 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രത്യേകം ഒരുക്കിയ നിപ വാര്‍ഡില്‍ കഴിയുന്ന ഇവരില്‍ എട്ട് പേര്‍ക്കാണ് രോഗ ലക്ഷണമുണ്ടായിട്ടുള്ളത്.

ഏഴ് പേരുടെ ഫലങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വൈകീട്ടോടെ ലഭ്യമാവും. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നത് ഫലം ലഭ്യമാകുന്നതോടെ വ്യക്തമാകുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

ഇതിനിടെ കുട്ടിക്ക് രോഗം ബാധിച്ച ഉറവിടം കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പും വനം വകുപ്പും പ്രത്യേകം സാമ്പിള്‍ ശേഖരണവും പരിശോധനയും നടത്തി. മൃഗങ്ങളില്‍ നിന്ന് സാധാരണ രോഗം പകരുന്നത് ഇത് വരെ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും സംശയ ദൂരീകരണത്തിനായി വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സ്രവങ്ങള്‍ പരിശോധിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ ബേബി പറഞ്ഞു.

മരിച്ച കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്നെ വീട്ടിലെ അസുഖം ബാധിച്ച ആടിനെ പരിചരിച്ചിരുന്നു . ഇത് രോഗബാധയ്ക്ക് കാരണമായോ എന്ന് കണ്ടെത്താന്‍ ആടുകളുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. കുട്ടി ബന്ധുവീട്ടില്‍ നിന്ന് റമ്പൂട്ടന്‍ കഴിച്ചതിനാല്‍ ഇവിടേയും സംഘമെത്തി പരിശോധന നടത്തി.
ALSO WATCH

Most Popular