Sunday, October 24, 2021
HomeEntertainmentഇതൊന്നും എന്റേതല്ല; ക്ലബ്ബ് ഹൗസ് അക്കൗണ്ടുകളെ തള്ളിപ്പറഞ്ഞ് നിവിന്‍ പോളി

ഇതൊന്നും എന്റേതല്ല; ക്ലബ്ബ് ഹൗസ് അക്കൗണ്ടുകളെ തള്ളിപ്പറഞ്ഞ് നിവിന്‍ പോളി

സോഷ്യല്‍ മീഡിയയില്‍ പുതു തരംഗമായ ക്ലബ്ബ് ഹൗസില്‍ യഥാര്‍ത്ഥ സെലിബ്രിറ്റികളോടൊപ്പം വ്യാജന്മാരും വിലസുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി താരങ്ങളുടെ വ്യാജന്മാര്‍ ക്ലബ്ബ് ഹൗസിലുണ്ട്. ക്ലബ്ബ് ഹൗസില്‍ തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ മുഴുവന്‍ വ്യാജമാണെന്ന് അറിയിച്ച് ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് നടന്‍ നിവിന്‍ പോളിയാണ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ പേരിലുള്ള ഏതാനും അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

”ഹലോ സുഹൃത്തുക്കളേ, ഞാന്‍ ക്ലബ്ബ് ഹൗസില്‍ ഇല്ലെന്നും എന്റെ പേരിലുള്ള ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്നും ദയവായി ശ്രദ്ധിക്കുക. മറ്റേതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചേരുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കുന്നതായിരിക്കും” നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.

ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്. ഇതോടെ മലയാളികളുടെ വലിയ തള്ളിക്കയറ്റമാണ് ക്ലബ്ബ് ഹൗസിലേക്ക്. താരങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ ക്ലബ്ബ് ഹൗസ് റൂം തുറന്നാല്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാമെന്നതിനാണ് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങുന്നത്.
ALSO WATCH

Most Popular