ഇന്ന് കേരളത്തില്‍ ആര്‍ക്കും കോവിഡ് ഇല്ല; ഏഴ് പേര്‍ക്കു രോഗമുക്തി

pinarayi vijayan kerala corona details

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചില്ല. 7 കേസുകള്‍ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവര്‍. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 30 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

14670 പേര്‍ നിരീക്ഷണത്തിലുണ്ട്. 14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 34599 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

6 ജില്ലകളിലാണ് കോവിഡ് ബാധിച്ചവര്‍ ചികില്‍സയിലുള്ളത്. കണ്ണൂരില്‍ 18 പേര്‍ ചികില്‍സയിലുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കോവിഡ് രോഗികളില്ല. ഇന്ന് പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗണ്‍ കാരണം വിദേശത്തു കുടുങ്ങിയ കേരളീയര്‍ നാളെ മുതല്‍ എത്തിത്തുടങ്ങും.
നാളെ 2 വിമാനങ്ങള്‍ വരുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിയെത്തുന്ന മലയാളികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങികിടക്കുന്നു. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.