Friday, September 24, 2021
Home Gulf വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍; വിമാനമിറങ്ങിയാല്‍ നേരെ വീട്ടിലേക്കു പോവാം

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍; വിമാനമിറങ്ങിയാല്‍ നേരെ വീട്ടിലേക്കു പോവാം

ദോഹ: ഗള്‍ഫില്‍ നിന്ന് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ഉണ്ടാവില്ല. പകരം 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീനും അതു കഴിഞ്ഞ് ഹോം ക്വാറന്റീനും എന്നതായിരുന്നു സ്ഥിതി. ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന് ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും മറ്റുള്ളവര്‍ വീട്ടിലേക്കും പോകും. ഇങ്ങനെ വീട്ടിലേക്ക് പോകുന്നവര്‍ ഏഴ് ദിവസം കൂടി നീരിക്ഷണത്തില്‍ തുടരുകയും വേണം. ഇതായിരുന്നു നിലവിലെ സ്ഥിതി. ഇത് പൂര്‍ണമായും ഒഴിവാക്കി പതിനാല് ദിവസവും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയണമെന്നാണ് പുതിയ നിര്‍ദേശം.

ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. കേന്ദ്ര മാര്‍ഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടുകളിൽ ക്വാറന്റീൻ അനുവദിക്കുന്നതോടെ സർക്കാരിന്റെ ചെലവ് കുറയും. വിദേശത്തുനിന്ന് എത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ താമസിക്കുന്നവരിൽനിന്നും പണം ഈടാക്കാനുള്ള തീരുമാനം വിമർശനത്തെത്തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു.

വാര്‍ഡ് തല സമിതിയാണ് പ്രവാസികളുടെ ക്വാറന്റീന്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനുള്ള സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഇനി സര്‍ക്കാര്‍ ക്വാറന്റീന്‍ ഒരുക്കുക. ഹോം ക്വാറന്റീന്‍ എന്നാല്‍ റൂം ക്വാറന്റീന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലര്‍ക്കും സര്‍ക്കാര്‍ ക്വാറന്റീന്‍ മാനസിക സമ്മര്‍ദങ്ങളുണ്ടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

ആവശ്യത്തിന് ക്വാറന്റീന്‍ സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് കഴിയാത്തതും നിലപാട് മാറ്റത്തിന് കാരണമായതായാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ബന്ധുക്കളെ മറ്റു വീടുകളിലേക്ക് മാറ്റി സ്വന്തം വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമൊരുക്കുകയായിരുന്നു.

no institutional quarantine for expats, home quarantine only


 

Most Popular