കറങ്ങിത്തിരിഞ്ഞ് മരക്കാര്‍ തിയേറ്ററില്‍; റീലീസ് ഡിസംബര്‍ 2ന്

marakkar movie

തിരുവനന്തപുരം: ആന്റണി പെരുമ്പാവൂര്‍ – മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് ചിത്രം തീയേറ്ററര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

യാതൊരു ഉപാധികളുമില്ലാതെയാണ് ആന്റണി പെരുമ്പാവൂര്‍ മരക്കാരിന്റെ തീയേറ്റര്‍ റിലീസിന് സന്നദ്ധത അറിയിച്ചെന്ന് സിനിമ – സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

തീയേറ്ററിലെ സീറ്റിംഗ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാവും. ദീലിപിന്റെ ചിത്രമടക്കം പ്രധാന സിനിമകളെല്ലാം തീയേറ്ററിലേക്ക് എത്തും. ചിത്രങ്ങള്‍ തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്.മുഖ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായും സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം മരക്കാര്‍ റിലീസിന് മുന്‍പ് തന്നെ സംസ്ഥാനത്തെ തീയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി 75 ശതമാനമാക്കാം എന്ന ധാരണയിലേക്ക് സര്‍ക്കാരും ചലച്ചിത്രസംഘടനകളുമെത്തി എന്നാണ് സൂചന.