കോട്ടയം: ആഴ്ചപ്പതിപ്പുകളിലെ തുടരന് നോവലുകളിലൂടെ ജനപ്രീതി നേടിയ സുധാകര്‍ മംഗളോദയം അന്തരിച്ചു. വൈക്കത്തിനടുത്തു വെള്ളൂരാണു സുധാകറിന്റെ സ്വദേശം. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ രചനാരീതി പിന്തുടര്ന്ന് മലയാള വായനക്കാരില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണു സുധാകര്‍. മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലാണ് എഴുത്തുകള്‍ ഏറെയും പ്രസിദ്ധീകരിക്കപ്പെട്ടത്.
നോവലുകള്‍ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു. പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്ദിനി ഓപ്പോള് പിന്നീടു സിനിമയായി.