Wednesday, January 19, 2022
HomeNewsKeralaകാട്ടുതീ പോലെ ഒമിക്രോണ്‍; കേരളത്തിലും ജാഗ്രത

കാട്ടുതീ പോലെ ഒമിക്രോണ്‍; കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: നിരവധി വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ അതിതീവ്ര വകഭേദമായ (coronavirus variant) ‘ഒമിക്രോണ്‍’ (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (veena george) അറിയിച്ചു.

എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കേന്ദ്രം പ്രത്യേക നിരീക്ഷണം പ്രഖ്യാപിച്ച വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റീനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുമോ?

ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഡിസംബര്‍ 15 മുതലാണ് വിലക്ക് നീക്കുന്നതെന്നതിനാല്‍ തുടര്‍ സാഹചര്യം നിര്‍ണ്ണായകമാകും.

Most Popular