കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു. കണ്ണൂര്‍ പടിയൂര്‍ സ്വദേശി സുനില്‍കുമാറാണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21 ആയി.
മൂന്നു ദിവസം മുമ്പാണ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെ സ്ഥിരീകരിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് മുതല്‍ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോവുകയും ചെയ്തിരുന്നു. സുനില്‍കുമാറിന് രോഗം ബാധിച്ചതെങ്ങനെയാണെന്ന കാര്യം വ്യക്തമല്ല.
കര്‍ണാടക മേഖലയില്‍നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ വെച്ചോ പ്രതിയില്‍നിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തില്‍ അന്വേഷണം നടക്കുകയാണ്.