കൊച്ചി: ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. കേരള ഗെയിമിങ് ആക്ട് ഭേദഗതി ചെയ്താണ് സര്‍ക്കാര്‍ വിജ്ഞാപനം. ഓണ്‍ലൈന്‍ റമ്മികളിയില്‍ 10 ദിവസത്തിനകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു,
ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരായ ഹരജിയില്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍ റമ്മിയുടെ അംബാസഡര്‍മാരാണ്. നിലവില്‍ കേരള ഗെയിമിംഗ് ആക്ടിന് കീഴില്‍ വരുന്നതല്ലായിരുന്നു റമ്മികളി. 1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദേശം.
ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ആളുകള്‍ക്ക് വന്‍തോതില്‍ പണം നഷ്ടപ്പെടുകയും അതുമായി ബന്ധപ്പെട്ട് ഒന്നില്‍ കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതി ഇടപെട്ടത്. നിലവില്‍ കേരളത്തില്‍ പരസ്യമായി പണംവച്ച് ചീട്ടുകളിക്കുന്നതിന് നിരോധനമുണ്ട്. ഇതില്‍ പോലിസ് ഇടപെട്ട് നിയമനടപടി സ്വീകരിക്കാറുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ ചീട്ട്കളി ഇതിന്റെ പരിധിയില്‍പ്പെട്ടിരുന്നില്ല. നിയമഭേദഗതി വന്നതോടെ പരാതി ലഭിച്ചാല്‍ പോലിസിന് ഇടപെടാനാവും.